15 വർഷം മുൻപ് കാണാതായി, മൃതദേഹാവശിഷ്ടം സെപ്റ്റിക് ടാങ്കിൽ; കലയുടെ കൊലപാതകത്തിൽ നടുങ്ങി നാട്
മാന്നാറിൽ 15 വർഷം മുൻപു കാണാതായ കലയെന്ന യുവതി കൊല്ലപ്പെട്ടതായി സൂചന. കലയെ കൊന്നു സെപ്റ്റിക് ടാങ്കിൽ മറവുചെയ്തെന്നു പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പക്ഷേ അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി.അനിൽ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. മൂന്നുമാസം മുൻപ് കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് പൊലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അമ്പലപ്പുഴയ്ക്കടുത്തു കാക്കാലം എന്ന സ്ഥലത്തു മൂന്നുമാസം മുമ്പുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്. ഈ കേസിലെ പ്രതികൾക്കു മാന്നാനത്ത് 15 വർഷം മുൻപു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)