ഖത്തറിൽ വ്യാപാര, വ്യവസായ, വാണിജ്യ സേവനങ്ങൾക്ക് വൻ ഫീസിളവ് പ്രഖ്യാപിച്ച് മന്ത്രാലയം
ദോഹ ∙ ഖത്തറിൽ വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് മന്ത്രാലയത്തിന്റെ സേവനങ്ങളിൽ 90% വരെ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവോടെ ഒരു സംരഭം തുടങ്ങുന്നതിനുള്ള ലൈസൻസ് ഫീ 500 റിയാൽ മാത്രമായിരിക്കും. നിലവിൽ 10,000 റിയാൽ വരെയാണ് ഈടാക്കിയിരുന്നത്. ഗാർഹിക ബിസിനസ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000 റിയാലിൽ നിന്ന് 500 റിയാലായി പുനഃക്രമീകരിക്കും. ഈ ലൈസൻസ് പുതുക്കുന്നതിനുള്ള വാർഷിക ഫീസും 500 റിയാലായി മാറും. ഒരു സ്ഥാപനത്തിന്റെ ശാഖകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000-ൽ നിന്ന് 500 റിയാലാക്കി കുറച്ചു. വാണിജ്യ റജിസ്ട്രേഷൻ, വാണിജ്യ പെർമിറ്റ്, വാണിജ്യ ഏജസി റജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഓഡിറ്റർമാർ, പേറ്റന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ നിരക്ക് നിലവിൽ വരും .
ഖത്തറിലെ നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കാനും വ്യാപാര വ്യവസായ മേഖലകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിൻ്റെ പ്രവർത്തങ്ങളുടെ ഭാഗമായാണ് ഫീസ് കുറയ്ക്കാനുള്ള തീരുമാനം പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഖത്തർ നാഷനൽ വിഷൻ 2030 ലക്ഷ്യം വെക്കുന്ന സുസ്ഥിര സാമ്പത്തിക വളർച്ച, സാമ്പത്തിക വൈവിധ്യവൽക്കരണം, ബിസിനസ് അന്തരീക്ഷത്തിൻ്റെ വികസനം മെച്ചപ്പെടുത്തൽ എന്നിവ കൈവരിക്കുക എന്നതും പുതിയ തീരുമാനത്തിന് പിന്നിലുണ്ട് . വാണിജ്യ, വ്യവസായ മന്ത്രാലയം നിക്ഷേപകരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്യുകയും വിശദമായ പഠനങ്ങൾ നടത്തുകയും ചെയ്തതിന് ശേഷമാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)