Posted By user Posted On

ഹെല്‍ത്ത് ഇൻഷുറൻസ് എടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞേ മതിയാവൂ…ഇൻഷൂറൻസ് ക്ലെയിം ഏളുപ്പമുള്ളതാക്കാനും വഴിയുണ്ട്

ഓരോ വ്യക്തിക്കും നിക്ഷേപം പോലെ പ്രധാനപ്പെട്ടതാണ് ഹെൽത്ത് ഇൻഷുറൻസുകളും. പല ഇൻഷുറൻസുകളിലും ക്ലെയിമുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ഹെൽത്ത് ഇൻഷൂറൻസ് ക്ലെയിം ഏളുപ്പമുള്ളതാക്കാൻ ഇൻഷുറൻസ് റെ​ഗുലേറ്ററി ബോഡിയായ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ചില മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഇവ വിശദമായി നോക്കാം.
ക്യാഷ്‍ലെസ് ചികിൽസ

ഇൻഷ്വർ ചെയ്ത വ്യക്തി പണം അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന ക്യാഷ്‍ലെസ് ചികിൽസയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികളിലെ പ്രധാന മാറ്റം. നേരത്തെ ഇൻഷുൻസ് കമ്പനിയുടെ ക്യാഷ്‍ലെസ് നെറ്റ്‍വർക്കിലുള്ള ആശുപത്രികളിൽ മാത്രമാണ് ക്യാഷ്‍ലെസ് ചികിത്സ ലഭിച്ചിരുന്നത്. മറ്റിടങ്ങളിൽ ചികിത്സ നേടിയാൽ സ്വന്തമായി പണമടയ്ക്കുകയും റീഇംമ്പേഴ്സ്മെൻറ് വഴി തിരികെ ലഭിക്കുകയും ചെയ്യുന്നതായിരുന്നു രീതി. ഇനി മുതൽ ഈ ലിസ്റ്റിലുള്ള ആശുപത്രികളല്ലെങ്കിലും ക്യാഷ്‍ലെസ് ചികിത്സ നേടാൻ സാധിക്കും. മുൻകൂട്ടി നിശ്ചയിച്ച ചികിൽസയാണെങ്കിൽ 24 മണിക്കൂർ മുന്നേ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചാൽ മതി.

വെയ്റ്റിങ് പിരിയഡ്

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്ന സമയത്തുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് കമ്പനി നിശ്ചിത വെയ്റ്റിങ് പിരിയഡിന് ശേഷം മാത്രമെ കവറേജ് നൽകിയിരുന്നുള്ളൂ. നേരത്തെ നാല് വർഷമായിരുന്ന ഈ വെയ്റ്റിങ് പിരിയഡ് ഐആർഡിഎഐ മൂന്നായി കുറച്ചിട്ടുണ്ട്.

വേ​ഗത്തിലുള്ള ക്ലെയിം ക്ലിയറൻസ്

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് സമയത്ത് ലഭിക്കുന്ന ക്ലെയിമുകൾക്ക് ഇൻഷുറൻസ് കമ്പനികൾ മൂന്ന് മണിക്കൂറിനുള്ളിൽ ക്ലിയറൻസ് നൽകാൻ ശ്രമിക്കണമെന്ന് ഐആർഡിഎഐ നിർദ്ദേശിക്കുന്നു. സമാനമായി ആശുപത്രിയിൽ അഡ്മിഷൻ സമയത്ത് ക്യാഷ്‍ലെസ് ക്ലെയിം അപേക്ഷ തീർപ്പാക്കുന്നതിനായി പരമാവധി ഒരു മണിക്കൂർ കാലാവധിയും ഐആർഡിഎഐ നൽകിയിട്ടുണ്ട്.

ആയുഷ് ചികിത്സ

ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ അനുവദിച്ചിരുന്ന മൊത്തം കവറേജിന്റെ നിശ്ചിത പരിധിക്കുള്ളിൽ വരുന്ന തുകയ്ക്കു മാത്രമേ നേരത്തെ ആയുഷ് ചികിത്സ ചെലവുകൾക്കുള്ള ക്ലെയിം അനുവദിച്ചിരുന്നുള്ളു. പരിഷ്കാരത്തോടെ, ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയവ മുഖേനയുള്ള ചികിത്സാ ചെലവുകൾക്കും ഹെൽത്ത് കവറേജ് ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ പോളിസിയിൽ അനുവദിച്ചിട്ടുള്ള മുഴുവൻ ഇൻഷുറൻസ് കവറേജും ആയുഷ് ചികിത്സയ്ക്കായും വിനിയോഗിക്കാൻ സാധിക്കും.

ഒന്നിലധികം ഇൻഷൂറൻസുകൾ

ചികിത്സ ചെലവ് നേരിടുന്നതിനായി ഒന്നിലധികം ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടുത്തുന്നതിന് പോളിസി ഉടമകളെ അനുവദിക്കുന്നതാണ് പ്രയോജനകരമായ മാറ്റം. ഒരു ആശുപത്രിയിൽ തന്നെ ഒന്നിലധികം ഇൻഷൂറൻസ് പോളിസികൾ ഉപയോ​ഗിച്ച് ചെലവ് ക്ലെയിം ചെയ്യാം. ഉദാഹരണമായി 5 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സം അഷ്വേഡുള്ള രണ്ട് പോളിസി സ്വന്തമായുള്ള വ്യക്തിക്ക് 12 ലക്ഷം രൂപയുടെ ആശുപത്രി ചെലവ് ക്ലെയിം ചെയ്യാൻ രണ്ട് ഇൻഷുറൻസുകളും ഉപയോ​ഗിക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version