Posted By user Posted On

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി, മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി വിവരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. മരണസംഖ്യ 41 ആയി ഉയര്‍ന്നതായി മന്ത്രി ഫഹദ് അൽ യൂസഫിനെ ഉദ്ധരിച്ചു കുവൈത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. കെട്ടിടങ്ങളിലെ നിയമലംഘനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തും.  മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും. തിങ്ങി താമസിക്കുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ല. അപകടത്തെ തുടര്‍ന്ന് ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിരുന്നു. 

മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളികൾ,  ഒരു തമിഴ്നാട് സ്വദേശി,  ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്. 

തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു.  ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.  

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version