Posted By user Posted On

ഖത്തറില്‍ അവധി ദിനങ്ങളെത്തി; തിരക്ക് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹമദ് വിമാനത്താവളം, യാത്രാ നടപടികള്‍ അറിയണ്ടേ…

ദോഹ: ബലിപെരുന്നാളും സ്‌കൂളുകള്‍ക്ക് മധ്യവേനല്‍ അവധിയും ഒരുമിച്ചെത്തുന്നതിനാല്‍ വ്യോമ മേഖല യാത്രാ തിരക്കിലേക്ക് പ്രവേശിക്കുകയാണ്. വിമാനത്താവളത്തിലെ തിരക്കില്‍ പെടാതിരിക്കാന്‍ യാത്രാ നടപടികള്‍ സുഗമമാക്കാന്‍ യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍.
അവധിയാഘോഷത്തിനായി ഖത്തറിന് പുറത്തേക്ക് പോകുന്നവരുടെ തിരക്ക് ഈ മാസം 13ന് തുടങ്ങും. വാരാന്ത്യത്തിലും തിരക്കേറും. ഈ മാസം 20 മുതല്‍ രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകരുടെ തിരക്കും വര്‍ധിക്കും. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് തടസമില്ലാത്ത യാത്രക്കുള്ള എല്ലാ ക്രമീകരണങ്ങളും സമഗ്രമായി ആസൂത്രണം ചെയ്തു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. തിരക്കില്‍ പെടാതെ എങ്ങനെ വിമാനത്താവളത്തിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

∙ ഓണ്‍ലൈന്‍ ‘ചെക്ക് ഇന്‍’ മറക്കേണ്ട
യാത്രക്കാര്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ മറക്കേണ്ട. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ശേഷം വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് കൗണ്ടറിലെ ചെക്ക്-ഇന്‍ നടപടികള്‍ വേഗത്തിലാക്കാമെന്നു മാത്രമല്ല കാത്തിരിപ്പു സമയവും കുറയും. സമ്മര്‍ദ്ദ രഹിത യാത്ര ഉറപ്പാക്കുകയും ചെയ്യാം.

∙ വിമാനത്താവളത്തില്‍ നേരത്തെ എത്താം
വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ചെക്ക്-ഇന്‍, സുരക്ഷാ പരിശോധന, ബോര്‍ഡിങ് നടപടികള്‍ എന്നിവയ്ക്ക് മതിയായ സമയം ഇതിലൂടെ ലഭിക്കുമെന്നതാണ് നേരത്തെ എത്തിയാലുള്ള ഗുണം.

∙ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം
വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. പ്രത്യേകിച്ചും ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ഈ സേവനങ്ങള്‍ യാത്ര എളുപ്പമാക്കും. കൗണ്ടറിന് സമീപത്തെ കിയോസ്‌കിയില്‍ സെല്‍ഫ് ചെക്ക്-ഇന്‍ ചെയ്ത് ബോര്‍ഡിങ് പാസും ബാഗുകള്‍ക്കുള്ള ടാഗുകളും പ്രിന്റ് ചെയ്യാം. ബാഗേജുകളും ഡ്രോപ്പ് ചെയ്യാം.

∙ ഇ-ഗേറ്റുകള്‍ ഉപയോഗിക്കാം
ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ രാജ്യത്തെ പ്രവാസി താമസക്കാര്‍ക്കും ഇ-ഗേറ്റുകള്‍ ഉപയോഗിക്കാം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇ-ഗേറ്റ് ഉപയോഗിക്കാന്‍ അനുമതിയുള്ളു. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഹാളുകളില്‍ ഇ-ഗേറ്റുകള്‍ ധാരാളമുണ്ട്.

∙ ചെക്ക്-ഇന്‍, ബോര്‍ഡിങ് സമയപരിധി
ചെക്ക് ഇന്‍ കൗണ്ടറുകള്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് 60 മിനിറ്റ് മുന്‍പും ബോര്‍ഡിങ് കൗണ്ടറുകള്‍ 20 മിനിറ്റ് മുന്‍പും അടയ്ക്കും. യാത്രക്കാര്‍ നേരത്തെ എത്തിയാല്‍ കാലതാമസമില്ലാതെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാം.

∙ ബാഗേജ് പരിധി
ബാഗേജ് പരിധിയും ആനുകൂല്യങ്ങളും അതാത് വിമാനകമ്പനികളാണ് നിശ്ചയിക്കുന്നത്. ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ബാഗേജ് പരിധിയെക്കുറിച്ച് അറിഞ്ഞിരിക്കണം. അനുവദിച്ച തൂക്കത്തില്‍ കൂടുതല്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ തന്നെ ബാഗേജുകള്‍ റീ-പാക്ക് ചെയ്യാനുള്ള സൗകര്യവും ഭാരം തൂക്കുന്ന മെഷീനുകളുമുണ്ട്.

∙ വലുപ്പമേറിയ ലഗേജുകള്‍ ഒഴിവാക്കാം
വലുപ്പമേറിയ അല്ലെങ്കില്‍ നോണ്‍-സ്റ്റാന്‍ഡേര്‍ഡ് ലഗേജുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ലഗേജുകള്‍ സുരക്ഷാ പരിശോധനകളിലും ബോര്‍ഡിങ് പ്രക്രിയകളിലും വെല്ലുവിളികളും തടസങ്ങളും സൃഷ്ടിക്കാന്‍ ഇടയാക്കും.

∙ നിരോധിത സാധനങ്ങള്‍ പാടില്ല
നിരോധിക്കപ്പെട്ട സാധനങ്ങള്‍ ബാഗുകളിലെന്ന് ഉറപ്പാക്കണം. ലിക്വിഡുകള്‍, ജെല്ലുകള്‍, എയ്‌റോ സോള്‍, ലിഥിയം ബാറ്ററികളാല്‍ പ്രവര്‍ത്തിക്കുന്ന ഹോവര്‍ ബോര്‍ഡുകള്‍ പോലുള്ള ചെറു വാഹനങ്ങള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ കൈവശം പാടില്ല. 100 മില്ലിയില്‍ കൂടുതല്‍ ലിക്വിഡ് സാധനങ്ങള്‍ പാടില്ല.

∙ ഡ്രോപ്-ഓഫ്, പിക്ക് അപ്
യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി ഹ്രസ്വകാല കാര്‍ പാര്‍ക്കിങ് ഉപയോഗിക്കണം. വിമാനത്താവളത്തിലേക്ക് വരാനും പോകാനും പൊതുഗതാഗത സൗകര്യവും ഉപയോഗിക്കാം. രാജ്യത്തേക്ക് എത്തുന്നവര്‍ക്കായി അറൈവല്‍ ഹാളിന് സമീപം ബസ്, ടാക്‌സി, ലിമോസിന്‍ സേവനങ്ങളും ലഭ്യമാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version