Posted By user Posted On

കോവിഡിനേക്കാള്‍ ശക്തിയുള്ള ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി അധികൃതർ

2021 പിറന്നതോടെ കോവിഡ് വൈറസിനെതിരായ വാക്‌സിനുകള്‍ വിതരണത്തിന് തയ്യാറായ ശുഭവാര്‍ത്തകള്‍ ലോകമെങ്ങും പ്രതീക്ഷകള്‍ നിറയ്ക്കുന്നുണ്ട്. പക്ഷേ, ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ഇപ്പോള്‍ ചില ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാരണം, കോവിഡ് വൈറസിനേക്കാളൊക്കെ ഭീകരമായ അവസ്ഥയ്ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നാണ് അവരുടെ വാദം.

പുതിയ മഹാമാരി എബോള വൈറസ് കണ്ടെത്തിയ പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും ആണ് പുതിയൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന് അവകാശപ്പെടുന്നത്. ‘ഡിസീസ് എക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മാരകമായ വൈറസുകള്‍ മനുഷ്യരാശിയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്

കോവിഡ് 19 പോലെ ഡിസീസ് എക്‌സും മറ്റൊരു പകര്‍ച്ചവ്യാധിക്ക് കാരണമായേക്കാം. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ നിന്ന് പുതിയതും മാരകവുമായ വൈറസുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസ് എന്നും താംഫും മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനേക്കാള്‍ വേഗം പടരുന്നതും മഹാദുരന്തത്തിന് വഴിവയ്ക്കുന്നതുമായിരിക്കും ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

വന്‍വിപത്തിന് വഴിവയ്ക്കും

മഞ്ഞപ്പനി, ഇന്‍ഫ്‌ളുവന്‍സ, റാബിസ്, ബ്രൂസെല്ലോസിസ് തുടങ്ങിയ രോഗങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ഇവയെല്ലാം എലികളില്‍ നിന്നോ പ്രാണികളില്‍ നിന്നോ മനുഷ്യരിലേക്ക് പടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ ആയവയാണ്. 1976ല്‍ ആണ് പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും അജ്ഞാതമായ എബോള വൈറസിനെ കണ്ടെത്തിയത്.

കണ്ടെത്തിയത് ആഫ്രിക്കയില്‍

ആഫ്രിക്കയിലെ കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്. രക്തസ്രാവത്തോടു കൂടിയുള്ള പനിയായിരുന്നു രോഗ ലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ‘ഡിസീസ് എക്സ്’ ബാധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയം ഉന്നയിക്കുന്നത്.

മാരകശേഷിയുള്ള വൈറസ്

കോവിഡ് വൈറസ് പെട്ടെന്ന് പടരുന്നതാണെങ്കിലും മരണ നിരക്ക് കുറവാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50-90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. ഇതിനാലൊക്കെയാണ് ‘ഡിസീസ് എക്‌സ്’ ലോകത്ത് പുതിയൊരു ഭീകരത സൃഷ്ടിക്കുമെന്ന് കരുതുന്നത്. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആയിരിക്കും ഈ വൈറസ് മനുഷ്യരിലേക്ക് പടരുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version