Posted By user Posted On

ഉപ്പ്‌ കുറയ്‌ക്കാം; പക്ഷേ പൂര്‍ണ്ണമായി ഒഴിവാക്കിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ

നമ്മുടെ ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാന്‍ പൊതുവേ ഉപയോഗപ്പെടുത്തുന്ന ഒന്നാണ്‌ ഉപ്പ്‌. പക്ഷേ, ഇതിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങളിലേക്കും നയിക്കാം. എന്നുകരുതി ഉപ്പ്‌ പൂര്‍ണ്ണമായും നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌ ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ശരീരത്തിലെ പ്ലാസ്‌മ സാന്ദ്രത, ആസിഡ്‌-ബേസ്‌ സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപള്‍സുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവര്‍ത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന്‌ സോഡിയം അവശ്യമാണെന്ന്‌ ആകാശ്‌ ഹെല്‍ത്ത്‌ കെയറിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. പ്രഭാത്‌ രഞ്‌ജന്‍ സിന്‍ഹ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സോഡിയത്തിന്റെ തോത്‌ താഴുന്നത്‌ വൃക്കകളില്‍ ഉപ്പ്‌ അടിഞ്ഞു കൂടാന്‍ കാരണമാകും. സോഡിയം തോത്‌ കുറയുന്നത്‌ ഹൈപോനാട്രീമിയയിലേക്കും നയിക്കാം. 135 മില്ലി ഇക്വിവലന്റ്‌സ്‌ പെര്‍ ലീറ്ററിലും താഴെ സോഡിയത്തിന്റെ അംശം വരുമ്പോഴാണ്‌ ഹൈപോനാട്രീമിയ ഉണ്ടാകുന്നത്‌. പേശിവേദന, ദുര്‍ബലത, ഓക്കാനം, ഛര്‍ദ്ദി, ഊര്‍ജ്ജമില്ലായ്‌മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം. ഒരു വ്യക്തി കോമയിലേക്ക്‌ നീങ്ങുന്ന അതിഗുരുതര സാഹചര്യവും സോഡിയത്തിന്റെ കുറവ്‌ മൂലം സംഭവിക്കാം. സോഡിയത്തിന്റെ തോത്‌ 120 മില്ലി ഇക്വിവലന്റ്‌ പെര്‍ ലീറ്ററിലും താഴെ വരുമ്പോഴാണ്‌ ചുഴലി, കോമ, തലച്ചോറിന്‌ ക്ഷതം പോലുള്ള സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നത്‌. ഇക്കാരണങ്ങളാല്‍ നിത്യവുമുള്ള ഭക്ഷണത്തില്‍ നിയന്ത്രിതമായ തോതില്‍ ഉപ്പ്‌ ഉപയോഗിക്കണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മുതിര്‍ന്നവര്‍ക്ക്‌ പ്രതിദിനം 2000 മില്ലിഗ്രാം ഉപ്പാണ്‌ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്‌.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version