Posted By user Posted On

മദ്യം കഴിച്ചിട്ടില്ലെങ്കിലും ഈ രോഗം ഉണ്ടെങ്കില്‍ ഡ്രെെവിങ്ങില്‍ പണിയാകും

ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടുണ്ടാകില്ല. പക്ഷേ വഴിയില്‍ ബ്രത്ത്‌ അനലൈസറുമായി പരിശോധനയ്‌ക്ക്‌ നില്‍ക്കുന്ന പോലീസുകാരുടെ വലയില്‍ കൃത്യമായി കുടുങ്ങുകയും ചെയ്യും. ഈ അവസ്ഥ ഒന്ന്‌ ആലോചിച്ചു നോക്കിക്കേ. എന്തൊരു കഷ്ടമാണല്ലേ. ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം(എബിഎസ്‌) എന്ന രോഗമുള്ളവര്‍ക്കാണ്‌ മദ്യപിച്ചില്ലെങ്കിലും മദ്യപരുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ഈ ദുരവസ്ഥയുള്ളത്‌. ഇവരുടെ ശരീരം തന്നെ വയറിലും കുടലിലുമൊക്കെയായി എത്തനോള്‍ അഥവാ മദ്യം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്ടിറ്റിലെ ചില സൂക്ഷ്‌മാണുക്കളാണ്‌ കാര്‍ബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുന്ന ഈ പുളിപ്പിക്കലിനു പിന്നില്‍.

അടുത്തിടെ ബല്‍ജിയത്തില്‍ ഈ രോഗമുള്ള ഒരാള്‍ മദ്യപിച്ച്‌ വാഹനമോടിച്ചു എന്ന കുറ്റത്തിന്‌ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ ജോലി ബ്രൂവറിയിലാണെന്നത്‌ പോലീസിന്റെ സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ സ്വതന്ത്രമായി നടത്തിയ മൂന്ന്‌ മെഡിക്കല്‍ പരിശോധനകളില്‍ ആള്‍ മദ്യപിച്ചതല്ലെന്നും ഓട്ടോ ബ്രൂവറി സിന്‍ഡ്രോമാണെന്നും കണ്ടെത്തുകയായിരുന്നു. സ്‌ത്രീപുരുഷ ഭേദമില്ലാതെ ഏത്‌ പ്രായത്തില്‍പ്പെട്ടവര്‍ക്കും ഈ രോഗം വരാം. പ്രമേഹംഅമിതവണ്ണം, പ്രതിരോധശേഷിയെയോ വയറിന്റെ ആരോഗ്യത്തെയോ ബാധിക്കുന്ന രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക്‌ ഇത്‌ വരാനുള്ള സാധ്യത അധികമാണെന്ന്‌ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ നോയിഡ യഥാര്‍ത്ഥ്‌ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ ഗ്യാസ്‌ട്രോഎന്ററോളജിസ്‌റ്റ്‌ ഡോ. മനീഷ്‌ കെ. തോമര്‍ പറയുന്നു. ചെറുകുടലിലെ സാക്രോമൈസിസ്‌ സെര്‍വീസിയെ പോലുള്ള യീസ്‌റ്റുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന അസന്തുലനം മുതിര്‍ന്നവരില്‍ എബിഎസിലേക്ക്‌ നയിക്കാം. കുഴഞ്ഞ സംസാരം, ആശയക്കുഴപ്പം, ചര്‍മ്മം ചുവന്ന്‌ തുടുക്കല്‍ എന്നിങ്ങനെ മദ്യം തലയ്‌ക്ക്‌ പിടിച്ചാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ഏതാണ്ട്‌ എല്ലാം തന്നെ എബിഎസ്‌ രോഗികള്‍ക്കും ഉണ്ടാകാം. ഇതിന്‌ പുറമേ അതിസാരം, ഗ്യാസ്‌ കെട്ടല്‍, വായുക്ഷോഭം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. എബിഎസ്‌ രോഗികള്‍ കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞ തോതിലുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്‌. പ്രോബയോട്ടിക്കുകളും ആന്റിഫംഗല്‍ മരുന്നുകളും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക്‌ നിര്‍ദ്ദേശിക്കാറുണ്ട്‌. ചിലതരം യീസ്‌റ്റുകളെയും ബാക്ടീരിയകളെയും ലക്ഷ്യമിടുന്ന ആന്റിബയോട്ടിക്കുകളും ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാറുണ്ട്‌.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version