Posted By user Posted On

അറബ്​ ലോകത്ത് പ്രശസ്തനായ സൗദി കവി ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിൻ രാജകുമാരൻ അന്തരിച്ചു

റിയാദ്​: സൗദിയിലും അറബ്​ ലോകത്തും അറിയപ്പെട്ട പ്രമുഖ കവികളിലെരാളായ അമീർ ബദ്​ർ ബിൻ അബ്ദുൽ മുഹ്​സിൻ അന്തരിച്ചു. അസുഖത്തെ തുടർന്ന്​ ഫ്രഞ്ച് തലസ്ഥാനത്ത് വെച്ചായിരുന്നു​ അന്ത്യം. 75 വയസ്സായിരുന്നു.‘വാക്കിന്റെ ശിൽപി’എന്ന് വിളിപ്പേരുള്ള കവി അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിൻ ബിൻ അബ്​ദുൽ അസീസിന്റെ ജനനം 1949 ഏപ്രിൽ രണ്ടിന്​ റിയാദിലായിരുന്നു​. ആധുനിക കാവ്യാത്മകതയുടെ ഏറ്റവും പ്രമുഖനായ ആളുകളിൽ ഒരാളായി സൗദിയിലും അറബ്​ ലോകത്തും അറിയപ്പെട്ട ആളാണ്​ കവി അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിൻ. അനുരാഗത്തിനും അഭിമാനത്തിനും സഹതാപത്തിനുമിടയിൽ സൗദിയുടെയും അറബ് ലോകത്തിന്റെയും സാമൂഹിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ സമന്വയിപ്പിച്ച് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ ഗ്രന്ഥങ്ങൾ എഴുതാൻ വളരെയധികം പരിശ്രമിച്ച വ്യക്തിയാണ്​​. പിതാവ് ശാസ്ത്രത്തെയും സാഹിത്യത്തെയും സ്നേഹിച്ചതിനാൽ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും ഭവനത്തിലാണ് അമീർ ബദ്​ർ വളർന്നത്. ഒരു സർഗ്ഗാത്മക കവി കൂടിയായ അദ്ദേഹത്തിന് നിരവധി പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലിയ ലൈബ്രറിയുണ്ട്. പിതാവിന്റെ സദസ്സ്​ അക്കാലത്തെ പണ്ഡിതന്മാരും എഴുത്തുകാരും മുൻനിര ചിന്തകരും നിറഞ്ഞതായിരുന്നു. അത് അമീർ ബദ്​റിലെ​ സാഹിത്യത്തോടും കവിതയോടുമുള്ള സ്നേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. സൗദി അറേബ്യയിലും ഈജിപ്​തിലും വെച്ചാണ്​ പ്രാഥമിക വിദ്യാഭ്യാസം നേടിയത്​. റിയാദിലെ സെക്കൻഡറി സ്​ക്കൂളിൽ പഠിച്ച ശേഷം ബ്രിട്ടനിലും അമേരിക്കയിലും പഠനം തുടർന്നു. 1973ൽ സൗദി സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്‌സ്​ പ്രസിഡൻറ് സ്ഥാനത്തേക്ക് നിയമിതനായി. 

സൗദിയിലെ കവിതാ സംഘടനയുടെ പ്രസിഡൻറായി നിയമിതനായി. 2019ൽ സൽമാൻ രാജാവ്​ കിങ്​ അബ്​ദുൽ അസീസ്​ ഷാൾ അണിയിച്ചു അമീർ ബദ്​റിനെ ആദരിച്ചു. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി 2019ൽ ‘ദി നൈറ്റ് ഓഫ് പ്രിൻസ് ബദർ ബിൻ അബ്​ദുൽ മുഹ്​സിൻ: ഹാഫ് എ സെഞ്ച്വറി ആൻഡ് ദി ഫുൾ മൂൺ’എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു ആദരിച്ചു. അഞ്ച് പതിറ്റാണ്ടായി സൗദി സർഗാത്മക പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെ അഭിനന്ദിച്ചു 2021 മാർച്ചിൽ ലിറ്ററേച്ചർ, പബ്ലിഷിങ്​, ട്രാൻസ്ലേഷൻ അതോറിറ്റി അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിന്റെ സമ്പൂർണ്ണ സാഹിത്യ കൃതികൾ ശേഖരിക്കാനും അച്ചടിക്കാനും ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു. 2023 മാർച്ചിൽ കുവൈത്തിലെ ഖുറൈൻ കൾച്ചറൽ ഫെസ്റ്റിവലിന്റെ 28-ാമത് സെഷനിന്റെ സമാപനത്തിൽ അമീർ ബദ്​റിനെ ആദരിച്ചിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version