ഹാജര്‍ രേഖകളില്‍ കൃത്രിമം: ഖത്തറില്‍ 9 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി
ദോഹ ∙ ഓഫീസിലെ ഹാജര്‍ രേഖയില്‍ കൃത്രിമം നടത്തി ശമ്പളം കൈപ്പറ്റിയ ഖത്തറിലെ ഒൻപത് സര്‍ക്കാര്‍ ജീവനക്കാരെ വിചാരണയ്ക്കായി ക്രിമിനല്‍ കോടതിക്ക് കൈമാറി. പൊതു ഫണ്ട് ഉപയോഗിക്കുക, ഔദ്യോഗിക രേഖകള്‍ വ്യാജമായി ഉണ്ടാക്കി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓഫീസില്‍ ഹാജരാണെന്ന വ്യാജ രേഖ ചമച്ച് പുറത്തു പോയ മണിക്കൂറുകളിലെ ശമ്പളം കൈപ്പറ്റുകയും ചെയ്തതിനെ തുടര്‍ന്ന് ഒൻപത് പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ കുറ്റം ചെയ്തതായി തെളിഞ്ഞതോടെയാണ് വിചാരണ നടപടികള്‍ക്കായി ക്രിമിനല്‍ കോടതിയ്ക്ക് കൈമാറിയത്.
ഓഫീസില്‍ ഹാജരാണെന്ന് കാണിക്കാന്‍ പ്രതികളില്‍ ഒരാള്‍, മറ്റുള്ളവര്‍ ഓഫീസില്‍ പ്രവേശിക്കുകയും പുറത്തു പോകുകയും ചെയ്യുന്ന സമയം എംപ്ലോയ്‌മെന്റ് കാര്‍ഡ് മുഖേന രേഖപ്പെടുത്തുകയായിരുന്നു. പൊതു ഫണ്ട് ഉപയോഗിക്കുകയും ഔദ്യോഗിക രേഖകള്‍ വ്യാജമായി ഉണ്ടാക്കുകയും ചെയ്തതിന് പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ലഭിക്കുക. അതേസമയം വിചാരണ നേരിടുന്ന ഒൻപത് ജീവനക്കാരുടെയും പേരു വിവരങ്ങളോ ഏതു രാജ്യക്കാരാണെന്നതോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)