ഖത്തറില്‍ യാത്രക്കാരിക്ക് പ്രവേശനം നിഷേധിച്ച എയർലൈൻ കമ്പനിക്ക് വൻ തുക നഷ്ടപരിഹാരം വിധിച്ച് കോടതി
ദോഹ: ഖത്തറില്‍ യാത്രക്കാരിക്ക് പ്രവേശനം നിഷേധിച്ച എയർലൈൻ കമ്പനിക്ക് വൻ തുക നഷ്ടപരിഹാരം വിധിച്ച് ഖത്തർ കോടതി. ഖത്തറിലെ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ട്രേഡ് കോടതി ഒരു എയർലൈൻ കമ്പനിക്കാണ് നഷ്ടപരിഹാരം നല്‍കാൻ കോടതി വിധിച്ചത്. ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് യാത്രക്കാരിക്ക് 20,000 QR തുക നൽകണമെന്ന് കോടതി വിധിച്ചു. വിധി ഉടനടി നടപ്പിലാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. യാത്രക്കാരിയുടെ വ്യവഹാരത്തിൽ നിന്നുള്ള വിശദാംശങ്ങൾ അറബി ദിനപത്രമായ അൽ ശർഖ് ഉദ്ധരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എയർലൈൻസിൻ്റെ പേര് പത്രത്തിൻ്റെ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല. സംഭവ ദിവസം ദോഹയിൽ നിന്ന് മറ്റൊരു അറബ് തലസ്ഥാനത്തേക്കുള്ള വിമാനത്തിൻ്റെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരി വിമാനത്താവളത്തിൽ എത്തിയതായി പരാതിയിൽ പറയുന്നു. ബോർഡിംഗ് ഗേറ്റിലെത്തി യാത്രാ രേഖകൾ എയർലൈൻ ജീവനക്കാരനെ ഏൽപ്പിച്ചപ്പോൾ, യാത്രക്കാരി വൈകിയെന്നും വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും അയാൾ പറഞ്ഞു. പുറപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂർ സമയം ബാക്കി ഉണ്ടായിരുന്നതിനാൽ, യാത്രക്കാരി ജീവനക്കാരനിൽ നിന്ന് അനുമതി നേടാൻ തുടർച്ചയായി അപേക്ഷിച്ചു. എന്നാൽ ജീവനക്കാരൻ അപേക്ഷകൾ ന്യായീകരണമില്ലാതെ നിരസിക്കുകയും യാത്രക്കാരനോട് അനാദരവോടെ പെരുമാറുകയും ചെയ്തു. ഇതേ തുടർന്ന് ശാരീരിക ക്ഷീണം അനുഭവപ്പെട്ട യാത്രക്കാരിക്ക് അടിയന്തിര വൈദ്യസഹായം തേടേണ്ടതായി വരികയായിരുന്നു. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൃത്യസമയത്ത് എത്തിയിട്ടും കമ്പനി അവരെ കയറാൻ അനുവദിക്കാത്തത് ധാർമ്മിക നാശനഷ്ടങ്ങൾക്കും കാരണമായെന്നും വാദിഭാഗം പറഞ്ഞു.
Comments (0)