
യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികൾക്ക് കർശന മാനദണ്ഡങ്ങൾ; ലൈസൻസ് അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും
യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനത്തിന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (എംഒഎച്ച്ആർഇ) കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. താൽക്കാലിക, സ്ഥിരം ജീവനക്കാരുടെ റിക്രൂട്ടിങ് നടപടികളിൽ നിർണായക പങ്കുവഹിക്കുന്ന ഏജൻസികളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിക്രൂട്ടിങ് ചൂഷണത്തിൽ നിന്നോ ദുരുപയോഗത്തിൽ നിന്നോ തൊഴിലാളികളെയും തൊഴിലുടമകളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം.പുതിയ വ്യവസ്ഥകൾ പാലിക്കുന്ന ഏജൻസികൾക്കു മാത്രമേ റിക്രൂട്ടിങ് ലൈസൻസ് ലഭിക്കൂ. ലൈസൻസ് പുതുക്കുന്നവരും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.തൊഴിലുടമ ആഗ്രഹിക്കുന്ന വിധം യോഗ്യതയുള്ള ഉദ്യോഗാർഥിയെ കണ്ടെത്തി നിയമിക്കാൻ റിക്രൂട്ടിങ് ഏജൻസിക്ക് അനുമതിയുണ്ട്. അംഗീകൃത ലൈസൻസും സാമ്പത്തിക കെട്ടുറപ്പും ഉള്ള ഏജൻസികളാണ് റിക്രൂട്മെന്റ് നടത്തുന്നതെന്ന് ഉറപ്പാക്കും. തൊഴിലുടമകൾക്കും തൊഴിലന്വേഷകർക്കും ഗുണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടികൾ കർശനമാക്കിയത്.
പശ്ചാത്തലം പരിശോധിക്കും
റിക്രൂട്ടിങ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും. ഒരു വർഷത്തിനിടെ മനുഷ്യക്കടത്ത് ഉൾപ്പെടെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടാത്തവരും സത്യസന്ധരും ആയിരിക്കണം അപേക്ഷകർ. ലൈസൻസിന്റെ ഇനമനുസരിച്ച് 3 മുതൽ 10 ലക്ഷം ദിർഹം വരെ നിർബന്ധിത ബാങ്ക് ഗാരന്റി സമർപ്പിക്കണം. സാമ്പത്തിക വിശ്വാസ്യത ഉറപ്പാക്കുന്നതിന് ക്രെഡിറ്റ് റിപ്പോർട്ട് നിർബന്ധം. അപേക്ഷകനോ ബിസിനസ് പങ്കാളിയോ ജീവിതപങ്കാളിയോ സർക്കാർ ജീവനക്കാരല്ലെന്ന് ഉറപ്പാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം. റിക്രൂട്ടിങ് ഏജൻസിക്ക് അനുയോജ്യമായ സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ലൈസൻസിനായി സമർപ്പിച്ച രേഖകൾ കൃത്യവും വ്യക്തവും കാലപരിധിയുള്ളതുമായിരിക്കണം. നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ തള്ളും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)