
‘ജീവനുവേണ്ടി യാചിച്ചിട്ടും നിരവധി തവണ കുത്തി’; രണ്ട് ഇന്ത്യക്കാർ യുഎഇയിൽ കൊല്ലപ്പെട്ടു, പ്രതി അന്യരാജ്യക്കാരൻ
യുഎഇയിൽ രണ്ട് ഇന്ത്യൻ പ്രവാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോഅൻ ഗ്രാമത്തിൽ നിന്നുള്ള അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തെ തുടർന്ന് കൂടെ ജോലി ചെയ്തിരുന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. പ്രതി പാകിസ്താനിയാണ്. കൊല്ലപ്പെട്ടവർ ദുബൈയിലുള്ള മോഡേൺ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഈ മാസം 11ന് ഇവർ ജോലി ചെയ്തിരുന്ന ബേക്കറിയിൽ വെച്ചുതന്നെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇരുവരെയും പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ തെലങ്കാന സ്വദേശിയായ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രേംസാഗർ കഴിഞ്ഞ ആറു വർഷത്തോളമായി മോഡേൺ ബേക്കറിയിൽ ജീവനക്കാരനാണ്. രണ്ടര വർഷം മുൻപാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഈ മാസം 12ന് ദുബൈയിൽ നിന്നും വാക്കുതർക്കത്തിനിടെ അന്യ രാജ്യക്കാരനായ ഒരാൾ പ്രേംസാഗറിനെ കുത്തിക്കൊലപ്പെടുത്തിയതായി അറിയിച്ചുകൊണ്ട് ഒരു ഫോൺ കോൾ വന്നിരുന്നുവെന്ന് പ്രേംസാഗറിന്റെ അമ്മാവൻ എ.പൊഷെട്ടി പറഞ്ഞു. ചെറിയ കുട്ടികളുണ്ട്, തന്നെ കൊല്ലരുതെന്ന് പറഞ്ഞ് യാചിച്ചിട്ടും പ്രതി നിരവധി തവണ കുത്തിയെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി പ്രേസാഗറിന്റെ സഹോദരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)