
നാടെത്താൻ വഴിയില്ലാതെ വഴിയോരത്ത്; യുഎഇയിൽ ഏജന്റുമാരുടെ ചതിയിൽപെട്ടവരുടെ ദുരിതത്തിന് അറുതിയില്ല
നല്ലൊരു ജീവിതം സ്വപ്നംകണ്ട് കടൽകടന്നെത്തി ഒടുവിൽ കടുത്ത ദുരിതങ്ങളിലേക്ക് തള്ളപ്പെട്ടവരുടെ അനുഭവകഥകൾ ഒട്ടേറെ. ഷാർജ റോള കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ ദുരിതത്തിലായവർ കുടുങ്ങിക്കഴിയുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ദുരിതമനുഭവിക്കുന്നവരിൽ ഭൂരിഭാഗവും. ആഹാരംപോലും കൃത്യമായി കിട്ടാതെയാണ് ഇവർ കഴിയുന്നതെന്ന് സാമൂഹിക പ്രവത്തകരും പറഞ്ഞു. ഏജന്റുമാരുടെ ചതിയിൽപ്പെട്ട തമിഴ്‌നാട് സ്വദേശി പഴനിവേൽ അജിത്ത്കുമാർ എന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ഷാർജയിൽനിന്നു രക്ഷപ്പെട്ട് നാടണഞ്ഞത്. ‘നാട്ടിലെത്തിയ അജിത്ത്കുമാർ നൽകിയ വിവരമനുസരിച്ച് മലയാളികളടക്കം ഒട്ടേറെപ്പേർ ഷാർജയിൽ ദുരിതത്തിൽ ഇപ്പോഴും കഴിയുന്നുണ്ട്. യുഎഇ, യുകെ എന്നിവിടങ്ങളിൽ മികച്ച വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് ആളുകളെ എത്തിക്കുന്നത്ആ.റുലക്ഷം രൂപവരെയാണ് ഒരാളിൽനിന്നും ഏജന്റുമാർ കൈപ്പറ്റുന്നത്. വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ സാമ്പത്തിക വഞ്ചനയിൽപ്പെട്ട് ദുരിതത്തിലായവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് ഷാർജയിലെ സാമൂഹിക പ്രവർത്തകൻ സിയാഫ് പറഞ്ഞു. ഉദ്യോഗാർഥികളിൽനിന്നും മുൻകൂട്ടി മുഴുവൻ പണവും കൈപ്പറ്റിയശേഷം ഏജന്റുമാർ ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ എത്തിക്കുകയാണ്. ശരിയായ താമസസൗകര്യമോ ആഹാരമോ കിട്ടാതെ ബുദ്ധിമുട്ടിലായവരെക്കുറിച്ച് സമീപത്തെ ഗ്രോസറി, റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ പറഞ്ഞാണ് പുറംലോകമറിയുന്നത്.
ഏജന്റുമാരുടെ ചതികളിൽപ്പെട്ടുപോയവർക്ക് നിയമാനുസൃതമായി രാജ്യത്ത് കഴിയാനും സാധിക്കില്ല. സന്ദർശക വിസകളിലോ തൊഴിൽവിസകളിലോ യുഎഇയിൽ എത്തിച്ചശേഷം ഏജന്റുമാർ കടന്നുകളയുകയാണ് പതിവ്. സന്ദർശകവിസാ കാലാവധി പുതുക്കാനോ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാനും സാധിക്കാത്ത സാഹചര്യങ്ങളിൽപ്പെടുകയാണിവർ. തൊഴിൽ വിസകളിൽ വന്നവർക്ക് വിസകളിൽ രേഖപ്പെടുത്തിയ കമ്പനികളിൽ വിളിച്ചാൽ യാതൊരു പ്രതികരണവും ലഭിക്കുകയുമില്ല. അങ്ങിനെയൊരു കമ്പനി ഉണ്ടെന്നുപോലും അറിയില്ലെന്നാണ് ചതിക്കപ്പെട്ടവർ പറയുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ബിലാൽ പറഞ്ഞു. ഷാർജയിലെ പൊതുപാർക്കുകളിലും മറ്റും ഇത്തരത്തിൽ അനധികൃതമായി കഴിയുകയും അലഞ്ഞുതിരിയുന്ന അവസ്ഥയിലും മലയാളികളെയടക്കം കാണാറുണ്ടെന്ന് സമീപങ്ങളിൽ കഴിയുന്നവർ പറഞ്ഞു. കുടുംബങ്ങളും വ്യാപാരികളും മറ്റുമാണ് ഇവർക്ക് ആഹാരമെത്തിച്ച് നൽകുന്നത്. ഇവരെക്കുറിച്ച് നാട്ടിലുള്ള കുടുംബങ്ങൾക്കും പലപ്പോഴും വിവരങ്ങളൊന്നും ലഭിക്കാറുമില്ല.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അഭയംതേടി മിക്കദിവസങ്ങളിലും ദുരിതത്തിലായ സ്ത്രീകളടക്കം എത്താറുണ്ട്. എങ്ങോട്ടുപോകണമെന്ന് നിശ്ചയമില്ലാതെയാണ് സഹായം തേടി ഇന്ത്യൻ അസോസിയേഷനിലെത്തുന്നത്. എന്നാൽ തങ്ങൾക്ക് സഹായിക്കാൻ പരിമിതിയുണ്ടെന്നാണ് അസോസിയേഷൻ ഭാരവാഹികളും പറയുന്നത്. നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നൽകി മിക്കവരെയും അസോസിയേഷൻ സഹായിക്കുന്നുമുണ്ട്. കൂട്ടത്തിൽ മാനസിക വിഭ്രാന്തിയിൽപ്പെട്ടവരുമുണ്ട്. സ്വന്തം വിവരങ്ങൾപോലും പങ്കുവെയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലാണവർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)