
സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെരുമാറ്റം ചട്ടം പാലിക്കണമെന്ന് യുഎഇ മുന്നറിയിപ്പ്
യുഎഇയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് നിർദേശങ്ങൾ നൽകി രംഗത്ത് വന്നിരിക്കുകയാണ് നാഷണൽ മീഡിയ ഓഫീസ്. സമൂഹ മാധ്യമങ്ങളിൽ ബഹുമാനം, സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങിയ ദേശീയ മൂല്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് മീഡിയ ഓഫീസ് ഓർമ്മിപ്പിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗത്തിനുള്ള ധാർമ്മികവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, ദേശീയ ചിഹ്നങ്ങളെയും പൊതു വ്യക്തികളെയും സൗഹൃദ രാജ്യങ്ങളെയും അവഹേളിക്കുന്ന ഉള്ളടക്കങ്ങൾ നിരോധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളാണ് ഔദ്യോഗിക പ്രസ്താവനയിൽ മീഡിയ ഓഫീസ് വ്യക്തമാക്കുന്നത്. പരസ്പര ബഹുമാനം പ്രോത്സാഹിപ്പിക്കുന്ന സുരക്ഷിതവും സന്തുലിതവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയുള്ള രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, വിദ്വേഷ പ്രസംഗം, നേരിട്ടോ അല്ലാതെയോ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം എന്നിവ പങ്കുവെക്കുന്നത് നിയമലംഘനമാണെന്നും കർശനമായ നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പൗരൻമാർ യുഎഇയുടെ അംബാസഡർമാരായി സേവനമനുഷ്ഠിക്കണമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞ കാര്യം മീഡിയ ഓഫീസ് ഓർമ്മിപ്പിച്ചു. യുഎഇയുടെ പ്രശസ്തി ഉയർത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തം വ്യക്തികൾക്കെല്ലാം ഉണ്ടെന്നും പോസിറ്റീവായോ നെഗറ്റീവായോ ചെയ്യുന്ന ഓരോ പ്രവൃത്തിയും തങ്ങളുടെ എമിറാറ്റി ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കുന്നതാണ് എന്നും ഓഫീസ് ആവർത്തിച്ച് വ്യക്തമാക്കി. തങ്ങളുടെ അറിവിലൂടെയും ദേശീയ ഐഡന്റിറ്റിയിലൂടെയും യുഎഇയുടെ പോസിറ്റീവ് പ്രതിച്ഛായ ശക്തിപ്പെടുത്തണണെന്ന് മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ പ്രശസ്തി രൂപപ്പെടുത്തുന്നതിന് എല്ലാവരും ഉത്തരവാദികളാണെന്നും അധികൃതർ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോഴും പങ്കിടുമ്പോഴും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും നാഷണൽ മീഡിയ ഓഫീസ് പ്രതിഞ്ജാബദ്ധമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)