Posted By user Posted On

പുതിയ നിയമം അംഗീകരിച്ച് യുഎഇ മന്ത്രിസഭ; ഏത് മേഖലയെ ബാധിക്കും?

യുഎഇയില്‍ കാലാകാലങ്ങളായി ഉണ്ടാകുന്ന പുതിയ നിയമങ്ങളും നിയമ മാറ്റങ്ങളുമെല്ലാം ഏറെ ചര്‍ച്ചയാകാറുണ്ട്. വിവിധ മേഖലകളിലുള്ളവര്‍ക്കായി നിരവധി മാറ്റങ്ങളും പുതിയ നിയമങ്ങളും യുഎഇ മന്ത്രിസഭ അവതരിപ്പിക്കാറുമുണ്ട്. ഇത്തവണ നിയമ സ്ഥാപനങ്ങളെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയും ബാധിക്കുന്ന പുതിയ നിയമങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ് യുഎഇ മന്ത്രിസഭ. ഈ മേഖലയിലെ തൊഴിലുകൾക്കായുള്ള ഔദ്യോഗിക വർക്ക് ചാർട്ടറും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുക, രാജ്യത്തെ നിയമവാഴ്ചയും നീതി നിര്‍വ്വഹണവും മെച്ചപ്പെടുത്തുക, പങ്കാളിത്തത്തിലൂടെയും യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയും നീതിയുടെ വേഗത്തിലുള്ള ഭരണ നിർവ്വഹണം ഉറപ്പ് വരുത്തുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. അഭിഭാഷക പരിശീലകര്‍ക്കുള്ള പ്രായോഗിക പരിശീലനത്തിന്‍റെ ആവശ്യകത, സൂപ്പര്‍വൈസിങ് അഭിഭാഷകരുടെ ഉത്തരവാദിത്വങ്ങള്‍, യുഎഇയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള പൗരന്മാരല്ലാത്ത അഭിഭാഷകർക്കുള്ള ലൈസൻസിംഗ് വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളും റെഗുലേഷന്‍ നിര്‍വ്വചിക്കുന്നു. കൂടാതെ, ഗവേഷകരെയും ലോ കൺസൾട്ടന്റുമാരെയും രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുന്നതിനും നോൺ-പ്രാക്ടീസിംഗ് രജിസ്റ്ററിലേക്ക് മാറ്റുന്നതിനുമുള്ള മാനദണ്ഡങ്ങൾ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗവേഷകരെയും നിയമ കൺസൾട്ടന്റുമാരെയും ഒഴിവാക്കുന്നതിനും വീണ്ടും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ, നിയമ ഉപദേഷ്ടാക്കളുടെ അധികാരങ്ങൾ, ഡെലഗേറ്റ്സ് രജിസ്റ്ററിലെ രജിസ്ട്രേഷനുള്ള ആവശ്യകതകൾ, കാലാവധി തുടങ്ങിയ കാര്യങ്ങളിലുള്ള ചട്ടങ്ങളും നിയമത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, നിയമ സ്ഥാപനങ്ങളും ലീഗല്‍ കൺസൾട്ടൻസിയുമെല്ലാം തുടങ്ങുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വ്യവസ്ഥകൾ നിയമത്തില്‍ വ്യക്തമാക്കുന്നു. ലൈസൻസിംഗ്, സസ്പെൻഷൻ, കാന്‍സലേഷന്‍, ലിക്വിഡേഷൻ, യൂണിവേഴ്സിറ്റി യോഗ്യതാ തുല്യത തുടങ്ങിയ കാര്യങ്ങളെയെല്ലാം നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ, അഭിഭാഷകരുടെ അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ക്ലയന്റുകളുമായുള്ള പ്രൊഫഷണൽ ബന്ധം, ഫീസ് ഈടാക്കാനുള്ള അവകാശം തുടങ്ങിയ സുപ്രധാന കാര്യങ്ങളെയെല്ലാം നിര്‍വ്വചിച്ച് കൊണ്ടാണ് യുഎഇ മന്ത്രിസഭ നിയമം പാസാക്കിയിരിക്കുന്നത്. നിയമ ഗവേഷകരും നിയമ ഉപദേഷ്ടാക്കളും, നിയമ പ്രതിനിധികളും അവരെ ഏൽപ്പിച്ച വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തണമെന്ന് പുതിയ ചട്ടം വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവന്‍ അല്ലെങ്കില്‍ സുരക്ഷ അപകടപ്പെടുത്തുന്നതോ, കാര്യമായ നാശനഷ്ടങ്ങൾ വരുത്തുന്നതോ, ആയ ഒരു കുറ്റകൃത്യം തടയുന്നതിന് അല്ലെങ്കിൽ യുഎഇയിൽ പ്രാബല്യത്തിലുള്ള നിയമങ്ങൾ നിർബന്ധമാക്കുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുക. യുഎഇ കോടതികൾക്ക് മുന്നില്‍ ക്ലയന്റുകളെ പ്രതിനിധീകരിക്കുന്നതിന് വിദേശ അഭിഭാഷകർക്ക് താൽക്കാലിക അനുമതി നൽകാവുന്ന വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷണൽ നിയമ സ്ഥാപനങ്ങളുടെയും നിയമ കൺസൾട്ടൻസികളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സമഗ്രമായ ഒരു ചട്ടക്കൂടാണ് യുഎഇയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പങ്കാളികളുടെയും അഭിഭാഷകരുടെയും നിയമ ഉപദേഷ്ടാക്കളുടെയും നിയമപരമായ ഉത്തരവാദിത്തങ്ങൾ നിർവചിക്കുമ്പോൾ ലൈസൻസിംഗ് ആവശ്യകതകൾ, പ്രവർത്തന മാനദണ്ഡങ്ങൾ, മേൽനോട്ട സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, ദേശീയ അഭിഭാഷകർക്കും നിയമ കൺസൾട്ടന്റുമാർക്കും സ്വതന്ത്രമായോ അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലെത്തിയോ പ്രൊഫഷണൽ സ്ഥാപനങ്ങൾ തുടങ്ങാന്‍ അനുവാദമുണ്ട്. സ്ഥാപനങ്ങള്‍ കുറഞ്ഞത് 15 വർഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിലോ മൂന്ന് രാജ്യങ്ങളിൽ ശാഖകള്‍ അല്ലെങ്കില്‍ അനുബന്ധ കമ്പനികള്‍ ഉണ്ടെങ്കിലോ അത്തരം പങ്കാളിത്തങ്ങൾക്ക് അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *