
യുഎഇയിൽ സഞ്ചാരികൾക്ക് സൗജന്യങ്ങളുമായി ‘അബൂദബി പാസ്’; വിനോദകേന്ദ്രങ്ങളിലേക്ക് പ്രവേശനം ലളിതമാകും
എമിറേറ്റിലെത്തുന്ന സഞ്ചാരികൾക്ക് പരിധിയില്ലാത്ത സൗജന്യ യാത്രയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ഡിസ്കൗണ്ടുകളും സൗജന്യ സിം കാർഡും ലഭിക്കുന്ന ഡിജിറ്റൽ ട്രാവൽ കാർഡായ ‘അബൂദബി പാസ്’ പുറത്തിറക്കി. ലോകത്തെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായ ഐ.ടി.ബി ബെർലിനിൽ വെച്ചാണ് സാംസ്കാരിക, ടൂറിസം വകുപ്പും (ഡി.സി.ടി അബൂദബി) ഇത്തിഹാദ് എയർവേസും ചേർന്ന് പാസ് പുറത്തിറക്കിയത്.ടൂറിസം സ്ട്രാറ്റജി 2030യുടെ ഭാഗമായാണ് നടപടി. നിരവധി ബുക്കിങ്ങുകൾ അടക്കമുള്ള കടമ്പകൾ എളുപ്പമാക്കാൻ പാസ് സഹായിക്കും. ഇത്തിഹാദ് യാത്രികർക്ക് അബൂദബി പാസ് ലഭിക്കുന്നതിനുള്ള വെബ്സൈറ്റിൽ പ്രവേശിക്കുന്നതിനുള്ള ലിങ്ക് ഇ-മെയിൽ മുഖേനയാണ് ലഭിക്കുക. ടൂറിസ്റ്റ് സിംകാർഡിൽ 10 ജി.ബി ഇന്റർനെറ്റ് ഉണ്ടാവും. 24 മണിക്കൂറും നഗരത്തിലെ പൊതുഗതാഗതം സൗജന്യമായി ഇവർക്ക് ഉപയോഗപ്പെടുത്താനാവും.യാസ് ദ്വീപ്, ഫെരാരി വേൾഡ്, വാർണർ ബ്രോസ് വേൾഡ്, സീ വേൾഡ് യാസ് ഐലൻഡ്, യാസ് വാട്ടർവേൾഡ് എന്നിവിടങ്ങളിൽ അടക്കം പാസ് ഹോൾഡർമാർക്ക് ഡിസ്കൗണ്ടുകൾ ലഭിക്കും. ഖസർ അൽ വത്ൻ, ലൂറേ അബൂദബി തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളിൽ 15 ശതമാനം നിരക്കിളവ് ഉണ്ടാവും. എമിറേറ്റിലെ 200ലേറെ റസ്റ്റാറന്റുകളിലും ഡിസ്കൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗൈഡിന്റെ സഹായത്തോടെയുള്ള നഗരക്കാഴ്ച ആസ്വദിക്കാനും ഡെസേർട്ട് സഫാരിക്കും ഡിസ്കൗണ്ടുകളുണ്ട്.3.93 കോടി വിനോദസഞ്ചാരികളെ ആകർഷിക്കുക, മേഖലയിൽ 1,78,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക മൊത്ത ആഭ്യന്തര ഉൽപാദനത്തിന് 2030ഓടെ 90 ബില്യൺ ദിർഹം സംഭാവന ചെയ്യിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ടൂറിസം സ്ട്രാറ്റജി 2030ലൂടെ അധികൃതർ നിർണയിച്ചിരിക്കുന്നത്. 2023ൽ അബൂദബിയുടെ ജി.ഡി.പിയിലേക്ക് 49 ബില്യൺ ദിർഹം ടൂറിസം മേഖല നൽകിയിട്ടുണ്ട്. 2022നെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വർധനയാണ് ഇക്കാര്യത്തിലുണ്ടായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)