
2024 ല്‍ രന്യ യുഎഇയിൽ പോയിവന്നത് 27 തവണ, രണ്ടാഴ്ചയ്ക്കുള്ളില്‍ നാല്; കര്‍ണാടക ഐപിഎസ് ഓഫിസറുടെ മകളായ നടിയുടെ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അടിക്കടി ദുബായിലേക്ക് നടത്തിയ നടി രന്യ റാവുവിന്റെ യാത്ര ചെന്നെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്. നടിയും കര്‍ണാടക ഐപിഎസ് ഓഫിസറുടെ മകളുമായ രന്യ റാവുവിനെ 14.58 കോടി രൂപ വിലമതിക്കുന്ന 14 കിലോ സ്വര്‍ണവുമായാണ് ബെംഗളുരു വിമാനത്താവളത്തില്‍ ഡിആര്‍ഐ നടിയെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ തലത്തിലെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് യുവതി സ്വര്‍ണക്കടത്ത് നടത്തിയതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. തനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലെന്ന് രന്യയുടെ രണ്ടാനച്ഛനായ ഐപിഎസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി നടത്തിയ നിരന്തരമായ യാത്രകളാണ് രന്യയെ പോലീസിന്റെ സംശയനിഴലില്‍ കുടുക്കിയത്. ഡിആര്‍ഐ കുരുക്കിട്ടതോടെ തിങ്കളാഴ്ച ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ നടി പിടിയിലാകുകയായിരുന്നു. ആഭരണവും സ്വര്‍ണക്കട്ടികളുമായി 14 കിലോ സ്വര്‍ണമാണ് പിടിയിലായപ്പോള്‍ നടിയുടെ കൈവശമുണ്ടായിരുന്നത്. ആഭരണങ്ങള്‍ ധരിച്ചും കട്ടികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് രന്യ ദുബായില്‍നിന്ന് എത്തിയത്. നടിയുടെ വീട് പരിശോധിച്ച ഡിആര്‍ഐ സ്വര്‍ണവും പണവും പിടിച്ചെടുത്തു. 2.06 കോടി വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടിയുടെ ഇന്ത്യന്‍ കറന്‍സികളുമാണ് വീട്ടില്‍ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് രന്യയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഒരു കിലോ സ്വര്‍ണം ദുബായില്‍ നിന്ന് ബെംഗളുരിവില്‍ എത്തിച്ചാല്‍ നാല് മുതല്‍ അഞ്ച് ലക്ഷം വരെ നടി കമ്മീഷന് കൈപറ്റുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ച വിവരം. വിമാനത്താവളത്തിലുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് രന്യ സ്വര്‍ണക്കടത്ത് നടത്തിയതെന്നും സംശയിക്കുന്നുണ്ട്. മാര്‍ച്ച് 18 വരെ യുവതിയെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)