
ജൈവവൈവിധ്യ സംരക്ഷണത്തിൽ മാതൃകയായി ഖത്തർ
ദോഹ: വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് സംരക്ഷണവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. അറേബ്യൻ ഒറിക്സ്, സാൻഡ് ഗസൽ, ആമ, ഒട്ടകപ്പക്ഷി എന്നിവയുൾപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലെ ഒമ്പത് ഇനങ്ങളിലായി 2970 ജീവികൾക്കാണ് മന്ത്രാലയം സംരക്ഷണമൊരുക്കിയത്.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി പ്രത്യേക പരിപാടി നടപ്പാക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചും കൂടുതൽ വികസിപ്പിച്ചും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് ഭരണകൂടം നൽകിവരുന്നത്. മൃഗങ്ങൾ, സസ്യങ്ങൾ, സമുദ്രജീവികൾ നിറഞ്ഞ പവിഴപ്പുറ്റുകൾ എന്നീ ഘടകങ്ങളാൽ ഏറെ സവിശേഷമായവയാണ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ ഇത്തരം റിസർവുകളുടെ വികാസവും സംസ്ഥാപനവും വലിയ തോതിൽ പങ്ക് വഹിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 29 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന 11 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാണ് ഖത്തറിലുള്ളത്. ഇതിൽ 27 ശതമാനം കരയിലും രണ്ട് ശതമാനം കടലിലുമാണ്. ഏറെ പ്രസിദ്ധമായ അൽ റീം ബയോസ്ഫിയർ, ഒരു മനുഷ്യ-ജൈവമണ്ഡല സംരക്ഷണ കേന്ദ്രമായി 2007ലാണ് യുനെസ്കോ പ്രഖ്യാപിച്ചത്.
ഇത്തരത്തിലുള്ള ആദ്യ റിസർവ് കൂടിയാണ് അൽ റീം. വംശനാശഭീഷണി നേരിടുന്ന ഹുബാറ പക്ഷികളുടെ പ്രജനനം വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി കൈകോർത്ത് റൗദത് അൽ ഫറാസിൽ പ്രത്യേക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
ഹുബാറ പക്ഷികളെ ഉൽപാദിപ്പിക്കുന്നതിനും പ്രജനനം ചെയ്യിക്കുന്നതിനുമായി സ്വകാര്യ പദ്ധതികൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് മികച്ച പിന്തുണയും പരിസ്ഥിതി മന്ത്രാലയം നൽകുന്നുണ്ട്. പക്ഷിയുടെ പ്രജനന പദ്ധതികൾ നിർമിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള ഏകീകൃത നിർദേശങ്ങൾ, മോഡലുകൾ, ഡിസൈനുകൾ എന്നിവ ഇതിലുൾപ്പെടും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)