
പാസ്പോര്‍ട്ട് നിയമത്തിലെ മാറ്റം; യുഎഇ പ്രവാസികള്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?
പാസ്പോര്‍ട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു നിര്‍ണായ മാറ്റം ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷവോ ജനിച്ച വ്യക്തികള്‍ക്ക് പാസ്പോര്‍ട്ടിനായി അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ് ഇന്ത് ചെയ്തത്. വ്യക്തികളുടെ വയസ്സ് സ്ഥിരീകരിക്കുന്നതില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനും പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ സ്റ്റാന്‍ഡേഡൈസ് ചെയ്യുന്നതിനും വേണ്ടിയുള്ളതാണ് ഈ നീക്കം. ഇതോടെ പുതിയ നിയമം യുഎഇയിലുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകരെ എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യം ഉയര്‍ന്ന് വന്നു. ഇക്കാര്യത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ കോണ്‍സുലേറ്റും വ്യക്തമാക്കിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഗള്‍ഫ് ന്യൂസ്. പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷ യുഎഇയില്‍ ജനിച്ച ഇന്ത്യന്‍ കുട്ടികളില്‍ നിന്ന് മാത്രമാണ് എംബസി സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ യുഎഇ റസിഡന്‍സിയുള്ള ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് മാത്രമാണ് സ്വീകരിക്കുക. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയവരില്‍ നിന്ന് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കില്ലെന്ന് അര്‍ത്ഥം. റസിഡന്‍സിയുള്ളവരാണെങ്കിലും സന്ദര്‍ശകരാണെങ്കിലും സാധുതയുള്ള പാസ്പോര്‍ട്ട് കൈവശം ഇല്ലെങ്കില്‍ അവര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖയാണ് എംബസി അനുവദിച്ച് നല്‍കുന്നത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എന്ന ഈ രേഖ സാധാരണയായി ഔട്ട് പാസ് എന്നും അറിയപ്പെടുന്നുണ്ട്. നാട്ടിലേക്ക് ഒരു തവണ പോകുന്നതിനുള്ള വാലിഡിറ്റി മാത്രമാണ് ഈ രേഖക്കുള്ളത്. പാസ്പോര്‍ട്ട് നിയമത്തിലുണ്ടായ പുതിയ മാറ്റം യുഎഇയിലെ മുഴുവന്‍ പ്രവാസികളെയും ബാധിക്കുന്നതല്ല. യുഎഇയില്‍ ജനിച്ച കുട്ടികള്‍ക്കായി പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. ഇവരാണ് പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 19,300 ഇന്ത്യന്‍ കുട്ടികള്‍ ജനിച്ചതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)