
റെഡ്ക്രസന്റിന്റെ ലൈഫ്ലൈന് മെഡിക്കല്‍ സംഘം ഗസ്സയില്‍
ദോഹ: റഹ്മ വേള്‍ഡ് വൈഡുമായി സഹകരിച്ച് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ (ക്യു.ആര്.സി.എസ്) മള്‍ട്ടി സ്പെഷലൈസേഷന് മെഡിക്കല്‍ ദൗത്യസംഘം ഗസ്സയിലെത്തി.ഖത്തര്‍ റെഡ്ക്രസന്റിന്റെ ദുരിതാശ്വാസ, അന്താരാഷ്ട്ര വികസന അസി. സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് സലാ ഇബ്രാഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗസ്സയിലെത്തിയത്.
ന്യൂറോ സര്ജന്മാര്, ഓര്‍ത്തോപീഡിക് സര്ജന്മാര്, പാലിയേറ്റിവ് കെയര്‍ സ്പെഷലിസ്റ്റുകള്‍ എന്നിവയിലെ വിദഗ്ധരായ സന്നദ്ധസേവനം നടത്തുന്ന മൂന്നു ഡോക്ടര്‍മാരാണ് ലൈഫ്ലൈന് വൺ സംഘത്തിലുള്‍പ്പെടുന്നത്. യൂറോപ്യന്‍ ആശുപത്രി, നാസര്‍ മെഡിക്കല്‍ കോംപ്ലക്സ് തുടങ്ങി ഫലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെ ഗസ്സയിലെ ആശുപത്രികളിലാണ് ഇവര്‍ സേവനത്തിലേര്പ്പെട്ടിരിക്കുന്നത്.
ശസ്ത്രക്രിയ നടപടികള്‍ക്കുള്ള തയാറെടുപ്പുകള്‍ക്കായി രോഗികളെയും പരിക്കേറ്റവരെയും പരിശോധിക്കുന്നതിന് ഡോക്ടര്‍മാര്‍ തുടക്കംകുറിച്ചിട്ടുണ്ട്. മുറിവുകള്‍, പൊള്ളലുകള്‍, ന്യൂറോ-ഓര്‍ത്തോപീഡിക് പരിക്കുകള്‍ എന്നിവ അനുഭവിക്കുന്ന രോഗികള്‍ക്ക് ലൈഫ് ലൈന്‍ ദൗത്യസംഘത്തിന്റെ മെഡിക്കല്‍ ഇടപെടലുകള്‍ വലിയ സഹായമാകുമെന്ന് ഡോ. ഇബ്റാഹീം പറഞ്ഞു.
ഗസ്സയിലെത്തിയപ്പോള്‍, അവിടത്തെ ദുഷ്കരമായ മാനുഷിക സാഹചര്യം കരളലിയിപ്പിച്ചതായും കാഴ്ചകളാല്‍ ഹൃദയം തകര്‍ന്നുവെന്നും ഡോ. ഇബ്റാഹീം വികാരാധീനനായി പറഞ്ഞു. അതിര്‍ത്തി കടന്ന് തെക്കന്‍ ഗസ്സയിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സിലേക്കുള്ള യാത്ര അതീവ ദുഷ്കരമാണെന്നും, വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)