
ഖത്തറിലേക്ക് വീണ്ടും കളിയാവേശം; ഫിഫ അറബ് കപ്പ് ഡിസംബർ ഒന്ന് മുതൽ 18 വരെ
ദോഹ: ഫിഫ അറബ് കപ്പ് ഫുട്ബാളിന് ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തർ വേദിയാകും. കൗമാര ഫുട്ബാളിന്റെ വിശ്വമേളയായ അണ്ടർ 17 ലോകകപ്പിന് നവംബർ മൂന്ന് മുതൽ 27 വരെയും രാജ്യം വേദിയൊരുക്കും. ബുധനാഴ്ച ചേർന്ന ഫിഫ കൗൺസിൽ യോഗമാണ് നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തർ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റുകളുടെ തീയതി പ്രഖ്യാപിച്ചത്.
ലോകകപ്പ് ഫുട്ബാൾ തയ്യാറെടുപ്പുകളുടെ ഭാഗമായി 2021ൽ വേദിയായതിന്റെ തുടർച്ചയായാണ് ഫിഫ അറബ് കപ്പ് ഖത്തറിലേക്ക് വീണ്ടുമെത്തുന്നത്. അണ്ടർ 17ലോകകപ്പിനു പിന്നാലെ ഡിസംബർ ഒന്നിന് കിക്കോഫ് കുറിക്കുന്ന അറബ് കപ്പിന്റെ കലാശപ്പോരാട്ടം ഖത്തർ ദേശീയ ദിനമായ 18ന് നടക്കും. അറബ് മേഖലയിലെ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
2025, 2029, 2033 സീസണുകളിലെ ഫിഫ അറബ് കപ്പിന് ഖത്തർ വേദിയാകുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 48 ടീമുകളുമായാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ വേദിയാകുന്നത്. 25 ദിവസത്തിനുള്ളിൽ 104 മത്സരങ്ങൾ അടങ്ങിയ ടൂർണമെന്റിൽ കൗമാര താരങ്ങളുടെ ഉശിരൻ പോരാട്ടത്തിനാവും ഖത്തർ സാക്ഷ്യം വഹിക്കുന്നത്.
സുപ്രധാന ടൂർണമെന്റുകളിലൂടെ മേഖലയിലെ ഫുട്ബാൾ പ്രേമികൾക്ക് വീണ്ടും കാൽപന്ത് ഉത്സവത്തിന് ഖത്തർ വേദിയൊരുക്കുകയാണെന്ന് ഖത്തർ കായിക മന്ത്രിയും ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ പറഞ്ഞു. അറബ് കപ്പ് 2025ലൂടെ അറബ് മേഖലയിലെ ദശലക്ഷം ഫുട്ബാൾ പ്രേമികൾക്ക് വീണ്ടും ആഘോഷമെത്തുകയാണ്. അണ്ടർ 17 ലോകകപ്പ് യുവതാരങ്ങളുടെ മികച്ച പ്രകടനത്തിനും സാക്ഷ്യം വഹിക്കും -ശൈഖ് ഹമദ് ആൽഥാനി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)