
വിനോദപരിപാടികൾ കോർത്തിണക്കി റമസാനെ വരവേൽക്കാനൊരുങ്ങി ഖത്തർ
ദോഹ ∙ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിച്ചും വിവിധ വിനോദപരിപാടികൾ കോർത്തിണക്കിയും റമസാനിൽ വിത്യസ്ത പരിപാടികളുമായി വിവിധ സ്ഥാപനങ്ങൾ. ഓൾഡ് ദോഹ പോർട്ട്, വിസിറ്റ് ഖത്തർ, മുശൈരിബ് പ്രോപ്പർട്ടീസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് കീഴിലാണ് പരിപാടികൾ നടക്കുന്നത്. പാരമ്പര്യവും ആഘോഷവും ഒത്തുചേരുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു. ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളിൽ ഗൃഹാതുരമായ രുചിവൈവിധ്യങ്ങൾ പകരുന്ന ഫുഡ് ഫെസ്റ്റിവൽ, റമദാൻ പീരങ്കി, മുസഹർ അൽ മിനയുടെ രാത്രി നടത്തങ്ങൾ, ഗരൻഗാവോ ആഘോഷം തുടങ്ങിയ പരിപാടികളാണ് ദോഹ തുറമുഖത്ത് നടക്കുക. റമസാനിലെ പുണ്യ ദിനങ്ങളിൽ ഖത്തറിൽ കൂടാൻ അയൽനാട്ടുകാരെ സ്വാഗതം ചെയ്തുകൊണ്ട് വിസിറ്റ് ഖത്തർ ‘അയൽക്കാർക്ക് സ്വാഗതം’ എന്ന തലക്കെട്ടിൽ ഖത്തരി ആതിഥ്യമര്യാദയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്യാംപെയ്ന് സംഘടിപ്പിക്കും. ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം അതിഥികൾക്ക് മുന്നിൽ വൈിധ്യമാർന്ന പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിക്കുന്നതായിരിക്കും പരിപാടികൾ. റമസാൻ നിങ്ങളോടൊപ്പം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്ന് ഖത്തരി ആതിഥ്യമര്യാദ ഉയർത്തിക്കാട്ടുന്നതോടൊപ്പം റമസാനിൽ ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലെ ഐക്യവും മുന്നോട്ടുവയ്ക്കുന്നു.
റമസാൻ മാസത്തിൽ മുഷൈരിബ് പ്രോപ്പർട്ടീസ് വൈവിധ്യമാർന്ന പരിപാടികൾ മുഷൈരിബ് ഡൗണ്ടൗൺ ദോഹയിൽ സംഘടിപ്പിക്കും. ബരാഹത്ത് മുഷൈരിബ് ഇഫ്താർ ആൻഡ് സുഹൂറാണ് ഇതിൽ ഏറ്റവും ശ്രദ്ദേയമായ പരരിപാടി. മേഖലയിലെ ഏറ്റവും വലിയ കവേർഡ് ഓപ്പൺ എയർ സ്ക്വയറായ “ബരാഹത്ത് മഷൈരിബിൽ” ഇഫ്താർ, സുഹൂർ ഭക്ഷണങ്ങൾക്കുള്ള ഓപ്പൺ ബുഫെ ഒരുക്കും. റമസാൻ മാസത്തിന്റെ പവിത്രത നിലനിർത്തി മൂല്യങ്ങൾക്ക് അനുസൃതമായി, എല്ലാ പ്രായക്കാർക്കും ആസ്വാദനവും പങ്കാളിത്തവും ഉറപ്പാക്കുന്നതായിരിക്കും വിവിധ പരിപാടികൾ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)