
ഇനി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡിനായി എസ്എംഎസ് കാത്തിരിക്കേണ്ട; ക്യൂആര്‍ കോഡ് രീതിയിലേക്ക് മാറാനൊരുങ്ങി ജിമെയില്‍
ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമായ ജിമെയില്‍ മാറ്റം അവതരിപ്പിക്കുന്നു. ലോഗിന്‍ ചെയ്യാന്‍ എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രീതിയിലേക്ക് ജിമെയില്‍ മാറുന്നതായാണ് രാജ്യാന്തര മാധ്യമമായ ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട്. അക്കൗണ്ടുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിന്‍ കോഡ് സംവിധാനം അവസാനിപ്പിക്കുകയാണ് ഗൂഗിള്‍. എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ജിമെയിലേക്ക് വരുന്നതായി ഫോബ്‌സിന്‍റെ വാര്‍ത്തയില്‍ പറയുന്നു. പുത്തന്‍ ഫീച്ചര്‍ വരും മാസങ്ങളില്‍ തന്നെ ജിമെയിലില്‍ ഗൂഗിള്‍ അവതരിപ്പിക്കും. ലോഗിന്‍ ചെയ്യാനായി ആറക്ക കോഡ് നിലവില്‍ എസ്‌എംഎസ് വഴിയാണ് യൂസര്‍മാര്‍ക്ക് ജിമെയിലിന്‍റെ ഉടമകളായ ഗൂഗിള്‍ കമ്പനി അയക്കുന്നത്. ഗൂഗിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ ശരിയായ പാസ്‌വേഡ് നല്‍കിയ ശേഷം ഇത്തരത്തില്‍ എസ്എംഎസ് വഴിയുള്ള ആറക്ക കോഡും സമര്‍പ്പിക്കേണ്ടത് ഇപ്പോള്‍ നിര്‍ബന്ധമാണ്. 2011ലാണ് ആദ്യമായി ഗൂഗിള്‍ ഈ സംവിധാനം അവതരിപ്പിച്ചത്. ഇതിന് പകരം ഭാവിയില്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന രീതി ജിമെയിലേക്ക് കൊണ്ടുവരാനാണ് ഗൂഗിളിന്‍റെ ശ്രമം. ക്യൂആര്‍കോഡ് രീതി കൂടുതല്‍ സുരക്ഷ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുമെന്ന് കമ്പനി കരുതുന്നു. എസ്എംഎസ് വഴി ലഭിക്കുന്ന ആറക്ക കോഡ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വിദഗ്ധമായി കൈക്കലാക്കാന്‍ സാധ്യതയുള്ളതിനാലാണ് ടു-ഫാക്ടര്‍ ഓതന്‍റിക്കേഷനായി ക്യൂആര്‍ കോഡ് രീതി ജിമെയില്‍ അധികൃതര്‍ ആലോചിക്കുന്നത്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)