
‘അനിയന്റെ ഫീസടക്കാൻ പൈസയില്ല, കഴുത്തിലുള്ള മാല തരീ’; കൊല്ലപ്പെട്ട സൽമാബീവിയെ കാണാൻ നാല് ദിവസം മുൻപ് പ്രതി അഫാൻ എത്തിയിരുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ നാല് ദിവസം മുൻപ് പിതൃമാതാവ് സൽമാബീവിയെ കാണാൻ വീട്ടിലെത്തിയിരുന്നെന്ന് പിതൃസഹോദരൻ ബദറുദ്ദീൻ.
അഫാൻ ഇടക്കിടെ ഉമ്മയെ കാണൻ എത്താറുണ്ടെന്നും ഉമ്മയോട് സ്വർണം ചോദിക്കാറുണ്ടെന്നുമാണ് ബദറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞത്. ‘കൊലപാതകത്തിന് നാല് ദിവസം മുൻപ് അഫാൻ വീട്ടിലെത്തിയിരുന്നു. അനിയന്റെ ഫീസടക്കാൻ പൈസയില്ല ഉമ്മയുടെ കഴുത്തിലെ മാല തരീ എന്നവൻ ചോദിച്ചു. പണയം വെച്ച് ഫീസടക്കട്ടെ, പിന്നെ എടുത്തുതരാമെന്ന് പറഞ്ഞു. എന്നാൽ ഉമ്മ മാല കൊടുത്തില്ല. ഒരുവർഷം മുൻപ് മോതിരം കൊടുത്തിരുന്നു. തന്റെ മരണത്തിന് എന്തെങ്കിലും ചെലവാക്കാൻ അതേയുള്ളൂ, വിറ്റ് ചെലവാക്കാൻ വേറൊന്നുമില്ല എന്ന് ഉമ്മ പറഞ്ഞു. അന്ന് ഒന്നും പറയാതെ അഫാൻ ഇറങ്ങിപോയി.’- ബദറൂദ്ദീൻ പറഞ്ഞു.
കൊല്ലപ്പട്ടെ സഹോദരൻ ലത്തീഫിനോട് അഫാൻ പണം ചോദിച്ചിരുന്നുവെന്ന് ബദറൂദ്ദീൻ പറയുന്നു. ഒന്നര ലക്ഷം രൂപ അഫാന്റെ മാതാവിനെ ലത്തീഫ് ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ലത്തീഫിനെ കൊലപ്പെടുത്താൻ മാത്രം എന്തു പ്രശ്നമാണ് ഉണ്ടായതെന്ന് അറിയില്ലെന്ന് ബദറുദ്ദീൻ പറഞ്ഞു.
അതേസമയം, പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് പറയാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്ന് ഡി.വൈ.എസ്.പി അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുമാസമായി മദ്യപിക്കാറുണ്ടായതായി പ്രതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പ്രതി നൽകുന്ന വിവരങ്ങൾ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വൈകീട്ട് നാലുമണിവരെ ആറു മണിക്കൂറിനുള്ളിലാണ് പ്രതി അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതെന്നാണ് പൊലീസ് നിഗമനം. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. അർബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനാൽ ആക്രമിച്ചുവെന്നുമാണ് മൊഴി. ഗുരുതര പരിക്കേറ്റ ഇവർ വെന്റിലേറ്ററിലാണ്. തുടർന്ന് ഉച്ച 1.15ന് അഫാൻ താമസിക്കുന്ന പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇവരുടെ സ്വർണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോൾ പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
വെഞ്ഞാറമൂട് നിന്നാണ് ഇതിനായി ചുറ്റിക വാങ്ങിയത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. നാലുമണിയോടെ കാമുകി ഫർസാന (23)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം കുഞ്ഞനുജൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹ്സാനെ (13) വീട്ടിൽ വെച്ച് കൊന്നു. പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ച അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് ആറുമണിയോടെ സ്റ്റേഷനിൽ എത്തി കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
മൂന്നിടങ്ങളിലായി നടന്ന ക്രൂരകൃത്യത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി വെളിപ്പെടുത്തിയതോടെയാണ് കൊലപാതക പരമ്പര സംഭവം പുറംലോകം അറിഞ്ഞത്. ഇയാൾ പറഞ്ഞതനുസരിച്ച് പൊലീസ് വീടുകളിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്. മൂന്നിടത്തും പൊലീസ് എത്തിയപ്പോഴാണ് പരിസരവാസികൾ വിവരം അറിഞ്ഞത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)