
ഖത്തറിന്റെ ചരിത്രം മലയാളത്തിലിറക്കിയത് കേരളവുമായുള്ള ബന്ധത്തിന്റെ ആഴമറിഞ്ഞ് -ശൈഖ് ഫൈസൽ ബിൻ ഖാസിം അൽഥാനി
ന്യൂഡൽഹി: നൂറ്റാണ്ടുകളായി ഖത്തറും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിഞ്ഞാണ് അറബിയിൽ താൻ രചിച്ച് ജോർജ് ടൗൺ യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ‘ഖത്തറിന്റെ സമഗ്ര ചരിത്രം’ ഇന്ത്യൻ ഭാഷയായ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്ന് ചരിത്രകാരനായ ശൈഖ് ഫൈസൽ ബിൻ ഖാസിം അൽഥാനി. ശൈഖ് ഫൈസൽ രചിച്ച ഖത്തറിന്റെ ബൃഹത്തായ ചരിത്ര പുസ്തകത്തിന്റെ മലയാള വിവർത്തനം ന്യൂഡൽഹി ഭാരത മണ്ഡപത്തിൽ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനായ എം.എസ്.എ റസാഖ് ആണ് ‘കണ്ടും കേട്ടും വായിച്ചും നമ്മളറിഞ്ഞ ഖത്തർ’ എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിവർത്തനം നിർവഹിച്ചത്.
കേരളത്തിൽ നിർമിച്ച കപ്പലുകളായിരുന്നു ഒരു കാലത്ത് ഖത്തറിന്റ തീരങ്ങളിൽ പരന്നുകിടന്നിരുന്നതെന്നും ഈ പായക്കപ്പലുകളിലൂടെയാണ് അറേബ്യയും ഇന്ത്യയും തമ്മിലുള്ള കച്ചവടങ്ങൾ നടന്നിരുന്നതെന്നും ശൈഖ് ഫൈസൽ പറഞ്ഞു. നുറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്നു പരസ്പര ബന്ധത്തിന്റെ സാംസ്കാരികമായ ശേഷിപ്പുകൾ ഖത്തർ ജനതയുടെ ഭക്ഷണത്തിലും വസ്ത്രത്തിലുമുള്ള ഇന്ത്യൻ സ്വാധീനത്തിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം തുടർന്നു.
ബി.സി നാലായിരത്തിന് മുമ്പെ ഖത്തറിൽ ജനവാസമുണ്ടായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് വിവർത്തകനായ എം.എസ്.എ റസാഖ് പറഞ്ഞു. ഖത്തർ ഭരണകുടുംബാംഗവും പശ്ചിമേഷ്യയിലെ വ്യവസായ പ്രമുഖനും കുടിയാണ് ചരിത്രകാരനായ ശൈഖ് ഫൈസൽ ബിൻ ഖാസിം അൽഥാനിയെന്നും റസാഖ് പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)