
ക്രൂസ് സീസൺ; റെക്കോഡ് സഞ്ചാരികളെ വരവേറ്റ് ഖത്തർ
ദോഹ: ക്രൂസ് സീസണിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ റെക്കോഡ് സഞ്ചാരികളെ വരവേറ്റ് ഖത്തർ. നവംബറിൽ തുടങ്ങിയ പുതിയ സീസണിൽ ജനുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം 1.91 ലക്ഷം യാത്രക്കാർ ഓൾഡ് ദോഹ പോർട്ട് വഴി ഖത്തറിൽ തീരമണഞ്ഞതായി ഖത്തർ ടൂറിസം അറിയിച്ചു. ഇക്കാലയളവിനിടയിൽ 53 ക്രൂസ് കപ്പലുകളാണ് ഖത്തറിലെത്തിയത്. ഇവരിൽ 20,951 യാത്രക്കാർ ദോഹയിൽനിന്നാണ് യാത്ര തുടങ്ങിയത്.
ജി.സി.സി മേഖലയിൽ ക്രൂസ് യാത്രികരുടെ പ്രധാന സഞ്ചാരകേന്ദ്രമായി ദോഹ മാറുന്നതിന്റെ സൂചനയാണ് കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ ടൂറിസം അറിയിച്ചു. മൂന്നു മാസത്തിനിടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് ജർമനിയിൽ നിന്നാണ്. ആകെ യാത്രക്കാരിൽ നിന്നും 30.2 ശതമാനം ജർമൻകാരാണ് ഖത്തറിലെത്തിയത്. റഷ്യ (10.80 ശതമാനം), ഇറ്റലി (9.20 ശതമനം) എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. 10 രാജ്യങ്ങളിൽ നിന്നാണ് 69.2 ശതമാനം യാത്രികരെത്തിയത്. റിസോർട്സ് വേൾഡ് വൺ, എം.എസ്.സി യുറീബിയ, സെലസ്റ്റ്യൽ ജേണി, കോസ്റ്റ സ്മെറാൾഡ എന്നീ നാലു കപ്പലുകൾക്ക് ദോഹ തീരത്തേക്ക് കന്നിയാത്രയായിരുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പലുകളിൽ എട്ടാം സ്ഥാനത്താണ് കോസ്റ്റ് സ്മെറാൾഡ. 10 യാത്രകളാണ് സീസണിൽ ഈ കപ്പലിന് ദോഹയിലേക്കുള്ളത്. സീസൺ അവസാനിക്കുമ്പോഴേക്കും 82,000 യാത്രക്കാർ ഈ കപ്പലിൽ മാത്രം ദോഹയിലെത്തും.
ഖത്തർ ദേശീയ വിഷൻ ഭാഗമായ ദേശീയ ടൂറിസം പദ്ധതി പ്രകാരമുള്ള ആസൂത്രണങ്ങളുടെ പ്രതിഫലനം കൂടിയാണ് ക്രൂസ് സഞ്ചാരികളുടെ എണ്ണത്തിലെ വർധനയെന്ന് ഖത്തർ ടൂറിസം വിനോദ സഞ്ചാര വികസന വിഭാഗം മേധാവി ഉമർ അൽ ജാബിർ അറിയിച്ചു. ഏപ്രിലിൽ അവസാനിക്കുന്ന സീസണിന് മുന്നോടിയായി 30 ക്രൂസ് കപ്പുകൾ കൂടി ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)