പ്രവാസികളെ കാര്യമായി പരിഗണിച്ചില്ലെങ്കിലും ആശ്വാസ തീരുമാനവും ബജറ്റിൽ ഇടം നേടി
ദുബായ്: പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള നികുതി പരിധി വർധിപ്പിച്ചത് ആശ്വാസമായി. ഇതുവരെ 7 ലക്ഷം രൂപ വരെയായിരുന്നു നികുതി (ടിസിഎസ്) രഹിതം. സ്രോതസ്സിൽ നിന്നുതന്നെ ഈടാക്കുന്ന നികുതിയാണിത്. ഇത്തവണ ബജറ്റിൽ പരിധി 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിന് മുകളിൽ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് പണമയക്കുമ്പോൾ 5%, നിക്ഷേപാവശ്യങ്ങൾക്കാണെങ്കിൽ 20 ശതമാനവുമാണ് നികുതി. എന്നാൽ, ബാങ്കുകളിൽ നിന്നോ എൻബിഎഫ്സികളിൽ നിന്നോ വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശ പഠനത്തിന് പണമയയ്ക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്ന 0.5% ടിസിഎസ് ഇത്തവണ പൂർണമായും ഒഴിവാക്കി.നേരത്തെയുള്ള 7 ലക്ഷം രൂപ പരിധി 10 ലക്ഷമാക്കി കുറച്ചത് ബിസിനസ് ഉൾപ്പെടെ പല ആവശ്യങ്ങൾക്കായി ഗൾഫിലേക്കും മറ്റും നാട്ടിൽ നിന്ന് പണം കൊണ്ടുവരുന്ന പ്രവാസികൾക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും മാധ്യമപ്രവർത്തകനുമായ ഭാസ്കർ രാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. നാട്ടിൽ നിന്നും അയക്കുന്ന പണം നികുതി കഴിഞ്ഞേ (ടിസിഎസ്) അയ്ക്കാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ ക്യാപിറ്റൽ ഗെയിൻ ടാക്സ്(സിജിടി)യുടെ കാര്യത്തിൽ ബജറ്റിൽ തീരുമാനമൊന്നുമുണ്ടാകാത്തത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രവാസി നാട്ടിൽ വസ്തു വാങ്ങി ഒരു വർഷത്തിനകം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്മേൽ ഷോർട് ടൈം ക്യാപിറ്റൽ ഗെയിൻ ടാക്സ് പ്രകാരം 20% നികുതി അടയ്ക്കേണ്ടതാണ്. എന്നാൽ ഒരു വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ 12% നികുതി അടച്ചാൽ മതി. അതേസമയം, ഇന്ത്യയിൽ പണപ്പെരുപ്പ നിരക്ക് കൂടുതലുള്ളതിനാൽ അതിനകത്ത് നിന്ന് പണപ്പെരുപ്പ നിരക്ക് എത്രയാണോ, അത്രയും കുറച്ച ശേഷം ബാക്കി കൊടുത്താൽ മതി. എന്നാലിത് പ്രവാസികൾക്ക് ബാധകമായിരുന്നില്ല. പ്രവാസികൾക്ക് കൂടി ബാധകമാക്കണമെന്നാതായിരുന്നു ആവശ്യം. ഇതുസംബന്ധമായി അടുത്തിടെ പ്രവാസികളിൽ ചിലർ ചേർന്ന് ധനകാര്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള നികുതി പരിധി വർധിപ്പിച്ചത് വളരെ വലിയ പ്രയോജനമാണ് ചെയ്യുകയെന്നും ഇന്ത്യയിൽ ഒരിക്കലും ഉണ്ടാകുമെന്ന് കരുതാത്തത്ര വർധനയാണ് 10 ലക്ഷം രൂപയാക്കിയതിലൂടെ യാഥാർഥ്യമായതെന്നും സാമ്പത്തിക വിദഗ്ധൻ കെ.വി.ഷംസുദ്ദീൻ പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമിനെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു. അതേസമയം, മ്യൂചൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവർക്ക് വർഷത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാപിറ്റൽ ഗെയിൻ ടാക്സ് എക്സംപ്ഷൻ ഉള്ളതുപോലെ ഓഹരിയിൽ നിക്ഷേപിക്കുന്നവർക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലമെന്നും, വിപണിയെ രക്ഷപ്പെടുത്താനുള്ള യാതൊരു നടപടിയും ഇല്ലാത്തതിൽ ഖേദവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)