Posted By user Posted On

നിങ്ങളുടെ മൊ​ബൈൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണോ? ഇക്കാര്യങ്ങള്‍ ചെയ്യൂ…

മൊബൈല്‍ ഹാക്കിംഗ്

സൈബർ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ സുരക്ഷിതമാക്കി നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്. നമ്മൾ അറിയാതെ തന്നെ നമ്മുടെ കൈവശമുള്ള ഉപകരണങ്ങൾ ഹാക്ക് ചെയ്യുന്ന തരത്തില്‍ കാര്യങ്ങൾ എത്തികഴിഞ്ഞു. പലരും തങ്ങളുടെ അക്കൗണ്ട് വിവരങ്ങളും പിൻ നമ്പറുകളും വരെ ഫോണിലാണ് സൂക്ഷിക്കുന്നത്. പണം പോയി കഴിയുമ്പോൾ മാത്രമാണ് പലരും കാര്യം അറിയുന്നതു തന്നെ. നിങ്ങളുടെ സ്വകാര്യതയും ഡാറ്റയും സംരക്ഷിക്കുന്നതിന് ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളാണ് ഇനി പറയുന്നത്.

അസാധാരണമായ ബാറ്ററി ഡ്രെയിൻ

ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ഹാക്ക് ചെയ്യപ്പെട്ട ഫോണിന്‍റെ ബാറ്ററി മുമ്പത്തേകാൾ വേഗം തീരും ഇതിനു കാരണം ഫോണിന്‍റെ ബാക്ക്ഗ്രൗണ്ട് ഉപയോഗം കൂടുന്നതാണ്. ഒറ്റനോട്ടത്തിൽ നിങ്ങളുടെ ഫോണിൽ ഇത്തരം പ്രവർത്തനങ്ങൾ കാണണമെന്നില്ല. അതിനാൽ തന്നെ നിങ്ങളുടെ ഫോണിന്‍റെ ബാറ്ററി പതിവിലും വേഗം ഡ്രെയിൻ ആകുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

വർധിച്ച ഡാറ്റ ഉപയോഗം

ഹാക്ക് ചെയ്യപ്പെട്ട് ഫോൺ വിവരങ്ങൾ കൈമാറുന്നതും നിയന്ത്രിക്കുന്നതും റിമോട്ട് ആയാകും. ഇതിന് ഡാറ്റ ആവശ്യമാണ്. അതിനാൽ തന്നെ നിങ്ങളറിയാത്ത തരത്തില്‍ പതിവിലും കൂടുതൽ ഡാറ്റ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ ഫോൺ പരിശോധിക്കേണ്ടതുണ്ട്. അത് ഒരു ഹാക്കിന്‍റെ ലക്ഷണമാകാം.

മന്ദഗതിയില്‍ ഫോണിന്‍റെ പ്രകടനം

ഹാക്ക് ചെയ്യപ്പെട്ട ഫോണുകളുടെ വേഗം കുറയാം. പെട്ടെന്നു നിങ്ങളുടെ ഫോണിന്‍റെ പ്രകടനത്തിൽ ഗണ്യമായ കുറവുണ്ടായേക്കാം. ഹാക്കിംഗ് സോഫ്‌റ്റ്‌വെയര്‍ നിങ്ങളുടെ ഫോൺ നിയന്ത്രിക്കുന്നതിനാൽ ഉപയോഗത്തിൽ കാലതാമസം, ഫ്രീസുകൾ അല്ലെങ്കിൽ ക്രാഷുകൾ നേരിടേണ്ടി വന്നേക്കാം.

അപ്രതീക്ഷിത ടെക്സ്റ്റുകളോ കോളുകളോ

നിങ്ങൾ ബന്ധപ്പെടാത്ത വ്യക്തികളിൽ നിന്നു കോളുകളോ ടെക്‌സ്റ്റുകളോ ലഭിച്ചെന്ന തരത്തിൽ അറിയിപ്പുകൾ ലഭിച്ചാൽ അതും സംശയിക്കേണ്ടതുണ്ട്. നിങ്ങളുടെ ഫോൺ ആരോ റിമോട്ട് ആയി നിയന്ത്രിക്കുന്നതിന്‍റെ സൂചനയാകാം ഇത്. ഇത്തരം ടെക്സ്റ്റ് സന്ദേശങ്ങളോ കോളുകളോ ഇമെയിലുകളോ ആവർത്തിക്കുന്നുവെങ്കിൽ അക്കാര്യം ഗൗരവമായി എടുക്കണം.

അസാധാരണമായ അക്കൗണ്ട് പ്രവർത്തനം

അസാധാരണമോ അനധികൃതമോ ആയ പ്രവർത്തനങ്ങൾ നിങ്ങളുടെ സാമ്പത്തിക, സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കണ്ടാൽ അതൊരു സൂചനയാണ്. അപരിചിതമായ ലോഗിനുകളോ പോസ്റ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ സൂക്ഷിക്കേണ്ടതുണ്ട്.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ചെയ്യേണ്ടത്

ഇന്‍റർനെറ്റ് വിച്ഛേദിക്കുക

ഹാക്കർമാർ നിങ്ങളുടെ ഫോൺ റിമോട്ടായാണ് നിയന്ത്രിക്കുന്നത്. ഇതിനു ഡാറ്റ ആവശ്യമാണ്. അതിനാൽ ഹാക്കിംഗ് സംശയിക്കുന്ന ഫോണിന്‍റെ ഇന്റർനെറ്റ് വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പറ്റുമെങ്കിൽ ഫോണ്‍ എയർപ്ലേൻ മോഡാക്കുക.

സ്‌കാൻ ചെയ്യുക

മികച്ച ഒരു ആന്‍റിവൈറസ് ഉപയോഗിച്ച് ഡിവൈസ് പൂർണമായും സ്‌കാൻ ചെയ്യുക. ഇതിന് മണിക്കൂറുകൾ എടുത്തേക്കാം. പക്ഷെ സ്‌കാനിംഗ് പൂർത്തിയാക്കണം. ഇതു നിങ്ങളുടെ ഫോണിൽ തന്നെയോ, കമ്പ്യൂട്ടറിൽ സ്‌കാൻ ചെയ്‌തോ ചെയ്യാം. ഒന്നിലധികം ആന്റിവൈറസുകൾ ഉപയോഗിച്ച് സ്‌കാൻ ചെയ്യുന്നതും നല്ലതാണ്.

പാസ്‌വേഡുകൾ മാറ്റുക

ഹാക്കിംഗ് സംശയിക്കുന്ന പക്ഷം ആദ്യം ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണിത്. ഇത് ഒരിക്കലും ഹാക്കിംഗ് സംശയിക്കുന്ന ഡിവൈസിൽ നിന്നാകരുത്. മറ്റൊരു ഡിവൈസിൽ നിന്ന് പാസ്‌വേഡുകൾ മാറ്റുക. ഇമെയിൽ, സോഷ്യൽ മീഡിയ, സാമ്പത്തിക അക്കൗണ്ടുകൾ എന്നിവയുടെ പാസ്‌വേഡുകള്‍ മാറ്റേണ്ടതുണ്ട്. ടു ഫാക്ടർ ഓതന്‍റിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക.

സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ് ടു ഡേറ്റ് ആണെന്ന് എന്നും ഉറപ്പാക്കേണ്ടതുണ്ട്. പുതിയ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളാണ് ഒരുപരിധി വരെ എല്ലാ അപ്‌ഡേറ്റുകളും. കമ്പനികൾ നൽകുന്ന സുരക്ഷാ പാച്ചുകൾ ഉറപ്പായും അപ്‌ഡേറ്റ് ചെയ്തിരിക്കണം.

ഫാക്ടറി റീസെറ്റ്

ഫോണിൽ ഹാക്കിംഗ് സംശയിച്ചാൽ അവസാന ആശ്രയമെന്ന നിലയിൽ ഫാക്ടറി റീസെറ്റിംഗ് നടത്തുക. ഫോണിലെ മുഴുവൻ വിവരങ്ങളും (മെമ്മറി കാർഡ് ഉൾപ്പെടെ) റീസെറ്റ് ചെയ്യുക. ചിലർ മെമ്മറി കാർഡ് വിവരങ്ങൾ മായ്ക്കാതിരിക്കും. ഇതു മണ്ടത്തരമാണ്. കാരണം ഹാക്കിംഗ് ഇവയേയും ബാധിച്ചേക്കാം.

ശ്രദ്ധിക്കേണ്ട കാര്യം

ഹാക്കിംഗ് സംശയിക്കുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്യുക. സ്വിച്ച് ഓഫ് ചെയ്ത ശേഷവും നിങ്ങളുടെ ഫോൺ ചൂടാകുന്നവെങ്കിൽ നിങ്ങളുടെ സംശയം ഉറപ്പിക്കാം. റീസെറ്റ് ചെയ്ത ശേഷവും ഈ പ്രക്രിയ ആവർത്തിക്കുക. അപ്പോഴും ഫോൺ ചൂടാകുന്നുവെങ്കിൽ ഒരു വിദഗ്ധന്‍റെ സഹായം ഉറപ്പായും തേടേണ്ടതുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *