ക്യൂവിൽ കാത്തുനിൽക്കേണ്ട; വിദേശയാത്രകളിൽ ഇനി സൂപ്പർ ഫാസ്റ്റ് ഇമിഗ്രേഷൻ
ന്യൂഡൽഹി ∙ കൊച്ചി അടക്കം 7 വിമാനത്താവളങ്ങളെ കൂടി ഇനി ഇമിഗ്രേഷൻ നടപടിക്രമം അതിവേഗത്തിലാകും. ഇതിനുള്ള ‘ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (എഫ്ടിഐ–ടിടിപി) സൗകര്യം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതുവരെ ഡൽഹി വിമാനത്താവളത്തിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്.
രാജ്യാന്തര വിമാനയാത്രകളിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ക്യൂവിൽ കാത്തുനിൽക്കേണ്ട എന്നതാണ് മെച്ചം. വിദേശയാത്രകളിൽ ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിങ് പാസും പാസ്‍പോർട്ടും സ്കാൻ ചെയ്ത് അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാം. നിലവിൽ ഇമിഗ്രേഷൻ കൗണ്ടറിൽ പോയി ഉദ്യോഗസ്ഥരെ കണ്ട് രേഖകൾ കാണിച്ചാണ് നടപടിയെങ്കിൽ ഇനി മുതൽ ഇത് ഓട്ടമേറ്റഡ് ആയതിനാൽ 20 സെക്കൻഡിൽ കാര്യം തീർക്കാം.
ഇതിനായി കൊച്ചിയിൽ 8 ബയോമെട്രിക് ഇ–ഗേറ്റുകളുണ്ടാകും. പരീക്ഷണം മാസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു. കൊച്ചിക്കു പുറമേ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഇന്നുമുതൽ ഈ സൗകര്യം ലഭ്യമാകും. അഹമ്മദാബാദിൽ നിന്ന് വെർച്വലായിട്ടായിരിക്കും ഉദ്ഘാടനം. 21 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഘട്ടം ഘട്ടമായി സൗകര്യം ലഭ്യമാക്കും.
∙ എഫ്ടിഐ–ടിടിപി
എഫ്ടിഐ–ടിടിപി സൗകര്യം ഉപയോഗിക്കണമെങ്കിൽ മുൻകൂറായി ഓൺലൈൻ റജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പരിശോധനകൾക്കൊടുവിൽ നിങ്ങളെ ട്രസ്റ്റഡ് ട്രാവലറായി (വിശ്വസിക്കാവുന്ന യാത്രക്കാരൻ) കണക്കാക്കും. അങ്ങനെയുള്ളവർക്ക് മാത്രമേ ഈ ഓട്ടമേറ്റഡ് സൗകര്യം ലഭിക്കൂ. ആദ്യഘട്ടത്തിൽ ഇന്ത്യൻ പൗരന്മാർക്കും വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്കുമാണ് (ഒസിഐ കാർഡുള്ളവർ) സൗകര്യം. ഭാവിയിൽ വിദേശയാത്രക്കാർക്കും ഇത് ലഭ്യമാകും.
അംഗത്വം ലഭിക്കുന്നത് എങ്ങനെ?
∙ ftittp.mha.gov.in എന്ന വെബ്സൈറ്റ് തുറന്ന് നിർദേശങ്ങൾ വായിച്ചശേഷം സൈൻ അപ് ചെയ്യുക.
∙ ഒരു തവണ റജിസ്റ്റർ ചെയ്താൽ പാസ്പോർട്ടിന്റെ കാലാവധിയെ ആശ്രയിച്ച് പരമാവധി 5 വർഷത്തേക്കായിരിക്കും എഫ്ടിഐ–ടിടപിയിലെ അംഗത്വം. പാസ്പോർട്ടിന് 6 മാസമെങ്കിലും കാലാവധി ബാക്കിയുള്ളവർക്കേ അപേക്ഷിക്കാനാവൂ. പ്രായപരിധി: 12-70. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ഇസിആർ പാസ്പോർട്ട് ഉള്ളവർക്ക് സേവനം ലഭ്യമായിരിക്കില്ല. 12–18 പ്രായക്കാരുടേത് രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യണം.
∙ പാസ്പോർട്ട് സൈസ് ചിത്രം, പാസ്‍പോർട്ടിന്റെ സ്കാൻഡ് കോപ്പി, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ അപ്‍ലോഡ് ചെയ്യണം.
∙ നിങ്ങൾ നൽകിയ വിവരങ്ങൾ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിക്കും. ഒരു മാസം വരെ നീളാം.
∙ തുടർന്ന് നിങ്ങളുടെ ബയോമെട്രിക്സ് എൻറോൾ ചെയ്യാനായി അപ്പോയിൻമെന്റ് ലഭിക്കും. നിശ്ചിത വിമാനത്താവളങ്ങളിലും (കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ) എഫ്ആർആർഒ ഓഫിസുകളിലുമായിരിക്കും (കേരളത്തിൽ തിരുവനന്തപുരം, കൊച്ചി) സൗകര്യം.
∙ അംഗത്വം ലഭിച്ചാൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇ–ഗേറ്റിൽ രേഖകൾ സ്കാൻ ചെയ്തും ബയോമെട്രിക്സ് നൽകിയും അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)