ഖത്തറില്‍ ഭിക്ഷാടനം കണ്ടാൽ മെട്രാഷ് വഴി പരാതിപ്പെടാം
ദോഹ: ഭിക്ഷാടനത്തിന് കർശന വിലക്കുള്ള ഖത്തറിൽ ഇനി ഇത്തരം കേസുകൾ വേഗത്തിൽ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാം. പൊതു ഇടങ്ങളിലും മറ്റുമായി ഭിക്ഷാടന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ബഹുമുഖ സേവന ആപ്പായ മെട്രാഷ് ആപ്ലിക്കേഷൻ വഴി ലളിതമായ നടപടികളിലൂടെ പരാതിപ്പെടാവുന്നതാണ്.
മെട്രാഷിന്റെ പുതിയ ആപ്പിൽ പ്രവേശിച്ച് സെക്യൂരിറ്റി ഓപ്ഷൻ തെരഞ്ഞെടുത്ത് ‘റിപ്പോർട്ട് ബെഗ്ഗിങ് കേസ്’ എന്ന വിൻഡോയിൽ പ്രവേശിച്ച് പരാതി നടപടികളിലേക്ക് നീങ്ങാം. ലൊക്കേഷൻ, പുരുഷൻ/സ്ത്രീ, പ്രായവിഭാഗം തുടങ്ങിയ വിവരങ്ങൾ നൽകി പരാതിപ്പെടാം.
ഭിക്ഷാടനം നിയമംമൂലം വിലക്കിയ രാജ്യമാണ് ഖത്തർ. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും പൊതു ഇടങ്ങളിൽ ഭിക്ഷാടനം ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ബോധവത്കരണ പരിപാടികളിലൂടെ അറിയിക്കാറുണ്ട്. ഭിക്ഷാടനം അപരിഷ്കൃത സ്വഭാവമാണെന്നും അതിനെതിരായ പോരാട്ടത്തിൽ സഹായിക്കാമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)