Posted By user Posted On

സ്‌മാര്‍ട്ട്‌വാച്ച് ധരിച്ചാല്‍ മതി, പുകവലിയോട് ഗുഡ്‌ബൈ പറയാം, എങ്ങനെയെന്നോ?

ബ്രിസ്റ്റോള്‍: പുകവലി ഉപേക്ഷിക്കണമെന്ന് അതിയായ ആഗ്രഹമുള്ള നിരവധി പേരുണ്ടാകും. എന്നാല്‍ പലപ്പോഴും പുകവലിയോട് ബൈ പറയാന്‍ പലര്‍ക്കും കഴിയാറില്ല. പുകവലിക്കാതെ മണിക്കൂറുകള്‍ പിടിച്ചുനിന്നാലും ദിവസങ്ങളോളം പുകവലിക്കാതിരിക്കുക സ്ഥിരമായി പുകവലിക്കുന്ന ഒരാള്‍ക്ക് സാധിക്കുന്ന കാര്യമാവണം എന്നില്ല. മാത്രമല്ല, വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസുമുണ്ടായേക്കാം. ഇതിനൊരു പരിഹാരം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഒരു സ്‌മാര്‍ട്ട്‌വാച്ച് ധരിച്ച് പുകവലിയില്‍ നിന്ന് രക്ഷ നേടാനുള്ള സംവിധാനമാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരുക്കിയിരിക്കുന്നത്.  പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനമാകുന്ന സ്‌മാര്‍ട്ട്‌വാച്ച് ആപ്ലിക്കേഷനെ കുറിച്ച് Presenting and Evaluating a Smartwatch-Based Intervention for Smoking Relapse (StopWatch): Feasibility and Acceptability Study എന്ന പഠനത്തിലാണ് പറയുന്നത്. ജെഎംഐആര്‍ ഫോര്‍മേറ്റീവ് റിസര്‍ച്ചാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. പുകവലിക്കുന്നയാളുകള്‍ക്ക് അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്‌മാര്‍ട്ട്‌വാച്ചില്‍ തത്സമയ സൂചനകളും വിവരങ്ങളും നല്‍കുംവിധമാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

പുകവലിക്കുന്നയാളുകളുടെ കൈയുടെയും വിരലുകളുടെയും ചലനം തിരിച്ചറിഞ്ഞ് അയാള്‍ പുകവലിക്കാനായി സിഗരറ്റ് കയ്യിലെടുത്തോ എന്ന് മനസിലാക്കുകയാണ് സ്‌മാര്‍ട്ട്‌വാച്ചിലെ ഈ മോഷന്‍ സെന്‍സര്‍ സോഫ്റ്റ്‌വെയര്‍ ചെയ്യുക. ഓരോ തവണ ഇക്കാര്യം കണ്ടെത്തുമ്പോഴും ആളുടെ സ്‌മാര്‍ട്ട്‌വാച്ച് സ്ക്രീനില്‍ അലര്‍ട്ട് സന്ദേശം തെളിയുകയും വൈബ്രേഷനുണ്ടാവുകയും ചെയ്യും. ദിവസവും പുകവലിക്കാറുള്ള, പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന 18 പേരില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവര്‍ രണ്ടാഴ്‌ചക്കാലം എല്ലാ ദിവസവും സ്മാര്‍ട്ട്‌വാച്ച് കയ്യില്‍ ധരിച്ചു. സ്‌മാര്‍ട്ട്‌വാച്ചിലെ മോഷന്‍ സെന്‍സറുകള്‍ വഴി പുകവലിക്കുന്നവരുടെ കൈയുടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന അല്‍ഗോരിതം ഇവരില്‍ പരീക്ഷിച്ചു. സ്റ്റോപ്പ് വാച്ച് സിസ്റ്റത്തിലെ വിശകലനം ചെയ്യുന്നതിന് ആക്സിലറോമീറ്ററും ഗൈറോസ്കോപ്പും ഉപയോഗിക്കുന്നു. പുകവലിക്കാനായി ശ്രമിക്കുമ്പോള്‍ പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് തത്സമയ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചു. പഠനത്തില്‍ പങ്കെടുത്തവര്‍ ഗവേഷകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ആരോഗ്യമേഖലയ്ക്ക് ആശാവഹമാണ് എന്ന് പഠനത്തില്‍ പറയുന്നു. 

ദിവസവും കയ്യില്‍ ധരിക്കാമെന്നതാണ് ഈ സോഫ്റ്റ്‌വെയര്‍ സംവിധാനം സ്‌മാര്‍ട്ട്‌വാച്ചില്‍ പരീക്ഷിക്കാന്‍ കാരണം. സ്‌മാര്‍ട്ട്‌ഫോണുകള്‍ എപ്പോഴും കയ്യില്‍ കരുതുന്നത് പതിവില്ല എന്നതിനാലാണ് ഫോണുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്താതിരിക്കാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *