കതാറയിൽ ഇന്നു മുതൽ ആഘോഷം
ദോഹ: ദേശീയദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കതാറ കൾചറൽ വില്ലേജിലെ ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. കതാറ കോർണിഷ്, അൽ തുറയ്യാ പ്ലാനറ്റേറിയം, കതാറയുടെ സതേൺ ഏരിയ, വിസ്ഡം സ്ക്വയർ എന്നിവിടങ്ങളിലും കതാറയിലെ വിവിധ കെട്ടിടങ്ങളിലും ദേശീയദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും.
ഞായറാഴ്ച മുതൽ 18 വരെ കതാറ കോർണിഷിൽ വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ വിവിധ സമയങ്ങളിൽ സായുധസേനയുടെ മിലിട്ടറി മ്യൂസിക് ആൻഡ് പരേഡ് സെന്റർ സംഘടിപ്പിക്കുന്ന ബാൻഡ് മേളവും 17ന് വൈകീട്ട് നാലിന് ജോയന്റ് സ്പെഷൽ ഫോഴ്സിന് കീഴിലെ പാരാ ട്രൂപ്പേഴ്സ്, എയർ സ്പോർട്സ് സെന്റർ സംഘടിപ്പിക്കുന്ന ആകാശ പ്രകടനങ്ങളും നടക്കും. വിവിധ ഇടങ്ങളിൽ പരമ്പരാഗത, സാംസ്കാരിക പരിപാടികളും നടക്കും.
ഡിസംബർ 17ന് വൈകീട്ട് ഏഴിന് പ്രത്യേക കവിതസായാഹ്നം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അൽ തുറയ്യ പ്ലാനറ്റേറിയത്തിൽ ഒന്നിടവിട്ട സമയങ്ങളിൽ ബഹിരാകാശ ചിത്രങ്ങളുടെ പ്രദർശനവും ഡിസംബർ 18 വരെ നടക്കും. ബിൽഡിങ് 46ൽ കുട്ടികൾക്ക് ശിൽപശാലയും ബിൽഡിങ് 18 രണ്ടാം നമ്പർ ഹാളിൽ ഖത്തരി ഫൈൻ ആർട്ട് പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
നാല് ദിവസങ്ങളിൽ സതേൺ ഏരിയയിൽ സേഫ് ൈഫ്ലറ്റ് സൊലൂഷൻ എന്ന തലക്കെട്ടിൽ ബലൂൺ ഇവന്റും നടക്കും. മവാതിർ ക്ലാസിക് കാർ സെന്ററിന്റെ ക്ലാസിക് കാറുകളുടെ പ്രദർശനത്തിന് കോർണിഷ് വേദിയാകും.
ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളായ മുശൈരിബ് ഡൗൺടൗണിലെ ബറാഹത് മുശൈരിബിൽ ദേശീയ ദിനത്തിൽ ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയും ലുസൈൽ ബൊളിവാഡിൽ വൈകീട്ട് നാല് മുതൽ രാത്രി 10 വരെയും വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)