Posted By user Posted On

വാട്‌സ്‌ആപ്പ് ഗ്രൂപ്പ് കോളുകളിൽ ആവശ്യമുള്ളവരെ മാത്രം ചേർക്കാം: പുതിയ ഫീച്ചർ

ഹൈദരാബാദ്: ഉപയോക്താക്കൾക്കായി പുതിയ കോളിങ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്. ഗ്രൂപ്പ് കോളുകളിൽ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നും ആവശ്യമുള്ള അംഗങ്ങളെ മാത്രം തെരഞ്ഞെടുക്കാവുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ വീഡിയോ കോളുകൾക്കായി പുതിയ ഇഫക്റ്റുകളും പുറത്തിറക്കിയിട്ടുണ്ട്. വീഡിയോ കോൾ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഹൈ-റെസലൂഷൻ വീഡിയോകളും ഇനി ലഭ്യമാവും.

പല സമയത്തും വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നും വരുന്ന ഗ്രൂപ്പ് കോളുകൾ കോളിന് താത്‌പര്യപ്പെടാത്ത ആളുകളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഗ്രൂപ്പിൽ നിന്നും വരുന്ന കോളുകളിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ മാത്രം അറ്റന്‍റ് ചെയ്യുകയും മറ്റുള്ളവർ നിരസിക്കുകയുമാണ് പതിവ്. എന്നാൽ പുതിയ ഫീച്ചർ വഴി ഗ്രൂപ്പ് കോളുകൾ ചെയ്യുന്നയാൾക്ക് ആവശ്യമുള്ള ഗ്രൂപ്പ് അംഗങ്ങളെ മാത്രം ചേർക്കാം.

വാട്ട്‌സ്ആപ്പിന്‍റെ കണക്കുകളനുസരിച്ച് പ്രതിദിനം 2 ബില്യണിലധികം കോളുകളാണ് ഫ്ലാറ്റ്‌ഫോം വഴി നടക്കുന്നത്. അതിനാൽ തന്നെ തങ്ങളുടെ ഉപയോക്താക്കൾക്കായി മെച്ചപ്പെട്ട കോളിങ് അനുഭവം വാഗ്‌ദാനം ചെയ്യുന്നതിനായി പുതുപുത്തൻ ഫീച്ചറുകളുമായി എത്തുകയാണ് വാട്‌സ്‌ആപ്പ്. കോളിങിനായി ഗ്രൂപ്പ് ചാറ്റുകളിൽ നിന്നും ആവശ്യമുള്ള ആളുകളെ മാത്രം ചേർക്കുന്നത് വഴി ഗ്രൂപ്പിലെ മറ്റുള്ള ആളുകളെ ശല്യപ്പെടുത്താതെ തന്നെ കോൾ ചെയ്യാൻ സാധിക്കും.

ഇനി ഗ്രൂപ്പ് കോളുകൾക്കായി വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിന് മുകളിലെ വീഡിയോ കോൾ അല്ലെങ്കിൽ വോയിസ് കോൾ ഓപ്‌ഷൻ സെലക്‌ട് ചെയ്യുമ്പോൾ ആളുകളെ സെലക്‌ട് ചെയ്യാനുള്ള ഓപ്‌ഷൻ ലഭ്യമാവും. ആവശ്യമുള്ള ഗ്രൂപ്പ് അംഗങ്ങളെ തെരഞ്ഞെടുത്ത് കൊണ്ട് കോൾ തുടരാനാവും. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പത്ത് പുതിയ വീഡിയോ ഇഫക്‌ടുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട് വാട്‌സ്‌ആപ്പ്. വീഡിയോ കോളിൽ ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ വാട്‌സ്‌ആപ്പ് മുൻപും അവതരിപ്പിച്ചിരുന്നു. വീഡിയോ കോൾ കൂടുതൽ രസകരമാക്കുന്നതിനായാണ് പുതിയ അപ്‌ഡേറ്റിൽ കൂടുതൽ ഫിൽട്ടറുകൾ ചേർത്തത്.

ഉയർന്ന റെസല്യൂഷനുള്ള വീഡിയോ കോളുകളാണ് വാട്‌സ്‌ആപ്പിന്‍റെ പ്രധാനപ്പെട്ട മറ്റൊരു ഫീച്ചർ. ഇനി വീഡിയോ കോളുകളിൽ കൂടുതൽ വ്യക്തമായി കാണാനാകും. ഇത് വ്യക്തിഗത കോളുകളിലും ഗ്രൂപ്പ് കോളുകളിലും ലഭ്യമാകും.

ഗ്രൂപ്പ് കോളുകളിൽ ആവശ്യമുള്ളവരെ മാത്രം തെരഞ്ഞെടുക്കുന്നതെങ്ങനെ?

കോൾ ചെയ്യേണ്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പ് തെരഞ്ഞെടുക്കുക. ആവശ്യാനുസരണം വാട്‌സ്‌ആപ്പ് ഇന്‍റർഫേസിന്‍റെ മുകളിലായുള്ള കോൾ ഓപ്‌ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് സ്‌ക്രീനിന് താഴെയായി ഗ്രൂപ്പിന്‍റെ വിശദവിവരങ്ങൾ അടങ്ങുന്ന പ്രൊഫൈൽ കാണാനാവും. പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുന്നതോടെ ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. തുടർന്ന് വാട്‌സ്‌ആപ്പ് കോളിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് അംഗങ്ങൾക്ക് നേരെ ടിക്ക് മാർക്ക് നൽകുക. തുടർന്ന് ‘കോൾ’ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രമാകും കോൾ പോകുക.

അടുത്തിടെ വാട്‌സ്‌ആപ്പ് ടൈപ്പിങ് ഇൻഡിക്കേറ്റർ ഫീച്ചറും അവതരിപ്പിച്ചിരുന്നു. മുൻപ് മറ്റൊരാൾ നിങ്ങൾക്ക് മെസേജ് ടൈപ്പ് ചെയ്യുമ്പോൾ വാട്‌സ്‌ആപ്പ് ഇന്‍റർഫേസിന്‍റെ ഏറ്റവും മുകളിലായി ‘ടൈപ്പിങ്’ എന്ന് എഴുതിക്കാണിക്കും. എന്നാൽ മറ്റൊരാൾ നിങ്ങൾക്ക് മെസേജ് ടൈപ്പ് ചെയ്യുന്നുവെന്നതിന് സൂചനയായി ചാറ്റ് ഇന്‍റർഫേസിനുള്ളിൽ അവസാന മെസേജിന് താഴെയായി ചലിക്കുന്ന മൂന്ന് ഡോട്ട് മാർക്കുകൾ കാണാനാകും. ഇതാണ് പുതിയ ടൈപ്പിങ് ഇൻഡിക്കേറ്റർ ഫീച്ചർ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *