പരിക്കിൽ ആശങ്കയില്ല; എംബാപ്പെ ഖത്തറിലെത്തും
ദോഹ: ഡിസംബർ 18ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ഇൻറർകോണ്ടിനെന്റൽ കപ്പിനുള്ള റയൽ മഡ്രിഡ് സംഘത്തിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുണ്ടാകുമെന്ന് സ്ഥിരീകരിച്ച് കോച്ച് കാർലോ ആഞ്ചലോട്ടി. ചൊവ്വാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലാന്റക്കെതിരായ മത്സരത്തിനിടെയായിരുന്നു റയലിന്റെ സൂപ്പർതാരത്തിന് പരിക്കേറ്റത്.
കളിയുടെ ആദ്യ മിനിറ്റിൽ ഗോളടിച്ചതിനു പിറകെ 36ാം മിനിറ്റിൽ പരിക്കുമായി എംബാപ്പെ പുറത്തായത് ഖത്തറിലെ ഫുട്ബാൾ ആരാധകരെയും നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ഒരാഴ്ചത്തെ വിശ്രമത്തിലൂടെ താരത്തിന് ടീമിൽ തിരിച്ചെത്താൻ കഴിയുമെന്ന് വെള്ളിയാഴ്ച കോച്ച് ആഞ്ചലോട്ടി അറിയിച്ചു.
ശനിയാഴ്ചത്തെ സ്പാനിഷ് ലാ ലിഗ മത്സരത്തിൽ താരം കളിക്കില്ലെന്നും, എന്നാൽ ഖത്തറിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ മത്സരത്തിനുള്ള റയൽ മഡ്രിഡ് സംഘത്തിൽ എംബാപ്പെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച 974സ്റ്റേഡിയത്തിൽ നടക്കുന്ന അൽ അഹ്ലി-പചൂക മത്സരത്തിലെ വിജയികളാകും ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ റയലിന്റെ എതിരാളികൾ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)