ദിവസം 300 സർവിസുകളും രണ്ടു ലക്ഷം യാത്രക്കാരുമായി ഖത്തർ എയർവേസ്
ദോഹ: യാത്രക്കാരുടെ സുരക്ഷയും ഏറ്റവും മികച്ച സർവിസുമാണ് ഖത്തർ എയർവേസിന്റെ പ്രഥമ പരിഗണനയെന്ന് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജി. ബദ്ർ മുഹമ്മദ് അൽ മീർ. ദിനേന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഖത്തർ എയർവേസിന്റെ 300ഓളം വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. രണ്ടു ലക്ഷത്തിലേറെ യാത്രക്കാർക്ക് സുരക്ഷിതവും മികച്ചതുമായ യാത്ര ഉറപ്പാക്കുന്നു -ദോഹ ഫോറം ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ ബദ്ർ മുഹമ്മദ് അൽ മീർ വ്യക്തമാക്കി.
യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുന്നതിന് സാങ്കേതിക മികവും, നൂതനമായ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എപ്പോഴും മെച്ചപ്പെടുത്തുക എന്നതിന് മുന്തിയ പരിഗണന നൽകുന്നു. കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാർലിങ്കുമായി സഹകരിച്ച് വയർലെസ് ഇന്റർനെറ്റ് കണക്ഷൻ സേവനമുള്ള ലോകത്തിലെ ആദ്യത്തെ ബോയിങ് 777 വിമാനം ഖത്തർ എയർവേസ് പുറത്തിറക്കി. യാത്രക്കാർക്ക് ആകാശത്തും ഇന്റർനെറ്റ് സേവനം തടസ്സങ്ങളില്ലാതെ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വർഷാവസാനം 14 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാക്കും. അടുത്ത വർഷം മേയ് മാസത്തിൽ 60 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാകുമെന്നും അധികം വൈകാതെ എല്ലാ ഫ്ലീറ്റുകളിലുമെത്തിക്കുമെന്നും സി.ഇ.ഒ വിശദീകരിച്ചു.
സേവന മികവിനൊപ്പം സമൂഹ മാധ്യമങ്ങൾ വഴി നൂതനമായ പ്രചാരണ രീതികളും ഖത്തർ എയർവേസ് ഉപയോഗപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് നവീനമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, കാലോചിതമായ പരിശീലനങ്ങൾ നൽകുക എന്നിവയും പ്രഥമ പരിഗണനയാണെന്ന് ‘ന്യൂസ് മേക്കർ’ എന്ന സെഷനിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. യാത്രക്കാർക്ക് മികച്ച അനുഭവം നൽകിയും അവരുടെ പ്രശംസ പിടിച്ചുപറ്റിയും മികച്ച എയർലൈനായി തുടരുകയെന്നത് യഥാർഥ വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മികച്ച എയർലൈൻസ്, മികച്ച വിമാനത്താവളം, മികച്ച ഡ്യൂട്ടീ ഫ്രീ മാർക്കറ്റ് എന്നീ റെക്കോഡുമായി നേട്ടങ്ങൾ കൊയ്യുന്നതിനെയും ചൂണ്ടിക്കാണിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)