ദേശീയ ദിനാഘോഷങ്ങൾക്ക് കൊടിയേറ്റം; ദർബ് അൽ സാഇ ഇന്നുണരും
ദോഹ: രാജ്യം ദേശീയ ദിനാഘോഷത്തിന്റെ മെറൂൺ അലങ്കാരങ്ങളിലേക്ക്. ഖത്തറിന്റെ ദേശീയദിന പരിപാടികളുടെ വിളംബരമായി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച ദർബ് അൽ സാഇയിൽ കൊടിയേറ്റം.
ദേശീയ ദിനമായ ഡിസംബർ 18 വരെയാണ് ഉംസലാലിലെ ദർബ് അൽ സാഇ വേദിയിൽ ആഘോഷങ്ങൾ സജീവമാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മേഖലയിലാണ് പൊതുജനങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്നത്.
ഖത്തറിന്റെ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന കലാപരിപാടികളും പ്രദർശനങ്ങളും മുതൽ വിവിധ ഷോകൾ, ശിൽപശാലകൾ, വിദ്യാഭ്യാസ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയുമായി നിറപ്പകിട്ടാർന്ന ദേശീയദിന ഉത്സവത്തിനാണ് ഇത്തവണ ദർബ് അൽ സാഇ ഒരുങ്ങുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമെല്ലാം ആഘോഷിക്കാനുള്ള വൈവിധ്യങ്ങളും ഒരുക്കും. കരകൗശല നിർമാണങ്ങളും പ്രദർശനങ്ങളും വിനോദ പരിപാടികളും ശ്രദ്ധേയമാണ്. 15 പ്രധാന ആഘോഷങ്ങൾ ഉൾപ്പെടെ ഒമ്പതു ദിവസങ്ങളിലായി 104ലേറെ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 80ലേറെ ഷോപ്പുകൾ, 30 റസ്റ്റാറന്റ്, അഞ്ചോളം നാടൻ കായിക പരിപാടികൾ എന്നിവാണ് ഇത്തവണത്തെ ആകർഷണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)