Posted By user Posted On

സ്വർണം കണ്ടാല്‍ ഇന്ത്യക്ക് ഭ്രാന്താണ്: ഒരു മാസം മാത്രം വാങ്ങിക്കൂട്ടിയത് 60 ടണ്‍; 2009 ന് ശേഷം ഇത് ആദ്യം

വില സർവ്വകാല റെക്കോർഡുകള്‍ സൃഷ്ടിച്ച ഒക്ടോബറില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ അളവില്‍ വലയി വർധനവ്. ഒക്ടോബർ മാസം സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയ സ്വർണത്തിന്റെ അളവ് 60 ടണ്ണായി ഉയർന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യു ജി സി) കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ അളവില്‍ സ്വർണം വാങ്ങിയത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) ആണെന്നുള്ളതാണ് ശ്രദ്ധേയം. ഒക്ടോബറില്‍ 27 ടണ്‍ സ്വർണ്ണമാണ് ആർ ബി ഐ വാങ്ങിയത്. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐ എം എഫ്) നിന്നുള്ള പ്രതിമാസ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡബ്ല്യു ജി സി റിപ്പോർട്ട് തയ്യാറായാക്കിയത്. ഒക്ടോബറിലെ 27 ടണ്‍ സ്വർണ്ണം കൂടിയായതോടെ ജനുവരി മുതൽ ഒക്ടോബർ വരെ ആർ ബി ഐ വാങ്ങിയ മൊത്തം സ്വർണത്തിന്റെ അളവ് 77 ടണ്ണായി ഉയർന്നു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷച്ച് അഞ്ചിരട്ടിയിലേറെയാണ് ഇത്തവണത്തെ വർധനവ്. 2023-ൽ 16 ടണ്‍ സ്വർണം മാത്രമായിരുന്നു ഇന്ത്യ വാങ്ങിയത്. 2009-ൽ നിന്ന് ഐ എം എഫില്‍ നിന്നും വാങ്ങിയ 200 ടണിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവുമാണ് ഇത്തവണത്തേത്. ഇതോടെ കേന്ദ്ര ബാങ്കിന്റെ കൈവശമുള്ള ആകെ സ്വർണ ശേഖരം 882 ടണ്ണിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

10 ഗ്രാമിന് 76000 മുതൽ 77000 രൂപ വരെ നിരക്കില്‍ വ്യാപാരം നടന്ന മാസത്തിലാണ് ഇന്ത്യ സ്വർണം വാങ്ങിയതെന്നതാണ് ശ്രദ്ധേയം. ഒക്ടോബർ മാസത്തിൽ നിരവധി തവണ സ്വർണം റെക്കോർഡുകള്‍ ഭേദിച്ചു. സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെ കാലത്ത് നിക്ഷേപകർ സാധരണയായി സ്വർണത്തിലേക്ക് നീങ്ങുന്നത് പതിവാണ്. ഈ പ്രവണത തന്നെയാണ് കേന്ദ്ര ബാങ്കുകളും തുടരുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങിക്കൂട്ടിയ പട്ടികയില്‍ രണ്ടാമതായിട്ടുള്ളത് തുർക്കിയാണ്. ഒക്ടോബറില്‍ റിപ്പബ്ലിക് ഓഫ് തുർക്കി സെൻട്രൽ ബാങ്ക് 17 ടൺ സ്വർണ്ണമാണ് വാങ്ങിയത്. കണക്കുകള്‍ പ്രകാരം തുർക്കിയും കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണം വാങ്ങുന്നത് വലിയ തോതില്‍ തുടരുകയാണ്.

ഐ എം എഫില്‍ നിന്നും സ്വർണം വാങ്ങിയതിന് പുറമെ കരുതല്‍ ശേഖരമായി വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ വലിയൊരു ഭാഗവും ആർ ബി ഐ ഒക്ടോബർ മാസത്തില്‍ രാജ്യത്തേക്ക് തിരികെ എത്തിച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണമാണ് തിരികെ എത്തിച്ചത്. പ്രത്യേക വിമാനത്തിലെത്തിയ സ്വർണം അതീവ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെയായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നിവയുടെ സുരക്ഷിത കേന്ദ്രങ്ങളിലായി 324 ടണ്‍ സ്വർണം കൂടി ഇന്ത്യയുടേതായി സൂക്ഷിച്ചിട്ടുണ്ട്. 1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത് 405 മില്യൺ ഡോളർ വായ്പയ്ക്ക് ഈടായി ഇന്ത്യ കൈവശമുണ്ടായിരുന്ന സ്വർണ്ണ ശേഖരത്തിന്റെ ഒരു ഭാഗം ഇംഗ്ലണ്ടിന് നല്‍കുകയായിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും സ്വർണം ഇംഗ്ലണ്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി തിരിച്ചുകൊണ്ടുവരുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *