ഖത്തറിൽനിന്നുള്ള ഉംറ തീർഥാടകർക്ക് മെനിംഗോകോക്കൽ കുത്തിവെപ്പ് നിർബന്ധം
ദോഹ: ഖത്തറിൽനിന്ന് സൗദിയിലേക്ക് ഉംറ നിർവഹിക്കാനോ പ്രവാചകപ്പള്ളി സന്ദർശനത്തിനോ പോകുന്ന തീർഥാടകർക്ക് ‘മെനിംഗോകോക്കൽ’ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഉംറ തീർഥാടകർക്ക് ഈ കുത്തിവെപ്പെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിൽനിന്നുള്ള സ്വദേശികളും താമസക്കാരും ഉൾപ്പെടെ എല്ലാ തീർഥാടകർക്കും കുത്തിവെപ്പ് നിർബന്ധമാണ്. ഒരു വയസ്സും അതിന് മുകളിലും പ്രായമുള്ളവർ യാത്രക്ക് പത്ത് ദിവസം മുമ്പെങ്കിലും ‘മെനിംഗോകോക്കൽ’ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തീർഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കിയത്.
ഹജ്ജ്, ഉംറ തീർഥാടകർക്ക് ആവശ്യമായ എല്ലാ വാക്സിനുകളും പ്രാഥമികാരോഗ്യ കോർപറേഷൻ കേന്ദ്രങ്ങളിൽ (പി.എച്ച്.സി.സി)ലഭ്യമാണ്. ആരോഗ്യ അപകടസാധ്യതകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഭാഗക്കാർ രോഗപ്രതിരോധത്തിനായി ശിപാർശ ചെയ്യപ്പെടുന്ന ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കോവിഡ്, സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നിർബന്ധമല്ലെങ്കിലും സൗദി അധികൃതർ ഇതും ശിപാർശ ചെയ്യുന്നതായും മന്ത്രാലയം ഓർമിപ്പിച്ചു.
അസാധാരണമായ ബാക്ടീരിയ അണുബാധയാണ് മെനിംഗോകോക്കൽ. നെയ്സേറിയ മെനിഞ്ചൈറ്റിസ് എന്ന ബാക്ടീരിയയാണ് രോഗബാധ സൃഷ്ടിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)