വിന്റേജ് ആഡംബര കാറുകളുമായി ഖത്തർ ക്ലാസിക് കാർ കോണ്ടസ്റ്റ് ആൻഡ് എക്‌സിബിഷൻ ആരംഭിച്ചു
ഖത്തർ മ്യൂസിയംസ് (ക്യുഎം) ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ പിന്തുണയോടെ അഞ്ചാമത് ഖത്തർ ക്ലാസിക് കാർ കോണ്ടെസ്റ്റ് ആൻഡ് എക്‌സിബിഷൻ ഇന്നലെ ആരംഭിച്ചു. മദീന സെൻട്രൽ – പേൾ ഐലൻഡിലാണ് ഇവൻ്റ് നടക്കുന്നത്, 2024 ഡിസംബർ 2 വരെ ഇത് നീണ്ടുനിൽക്കും. ഖത്തറിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഈ വർഷം കൂടുതൽ പേർ പങ്കെടുക്കുന്ന ഇവന്റിൽ വിവിധ കാലങ്ങളിലെ ക്ലാസിക് ആഡംബര കാറുകളുടെ അതിശയിപ്പിക്കുന്ന ശേഖരം പ്രദർശിപ്പിക്കുന്നു.
ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ക്ലാസിക് കാറുകളുടെ (FIVA) മാർഗനിർദേശത്തിന് കീഴിലും ദി പേൾ ആൻഡ് ഗിവാൻ ദ്വീപുകളുടെ പ്രധാന ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്‌മെൻ്റ് കമ്പനിയുടെ (യുഡിസി) സഹകരണത്തോടെയുമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. അൽഫർദാൻ ക്ലാസിക് കാർസ്, DAAM, കത്താറ ഹോസ്പിറ്റാലിറ്റി തുടങ്ങിയ പങ്കാളികളുടെ പിന്തുണയോടെ ഖത്തർ ടൂറിസമാണ് ഇത് സ്പോൺസർ ചെയ്യുന്നത്.
പ്രാദേശിക കമ്പനികളുടെ പങ്കാളിത്തം പരിപാടിയുടെ പ്രാധാന്യം കാണിക്കുന്നുവെന്ന് ഖത്തർ ഗൾഫ് ക്ലാസിക് കാർസ് അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ കാസിം അൽതാനി പറഞ്ഞു. കൂടുതൽ മികവുറ്റ തലത്തിലേക്ക് എക്സിബിഷൻ വളർന്നതായി വൈസ് ചെയർമാൻ ഒമർ ഹുസൈൻ അൽഫർദാൻ കൂട്ടിച്ചേർത്തു. ഇവൻ്റ് ക്ലാസിക് കാർ കളക്ടർമാർക്ക് അവരുടെ വാഹനങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം നൽകുമെന്നും കാണികൾക്കും മികച്ച അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വലിയ എക്‌സിബിഷൻ ഏരിയയും ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ പങ്കാളികളുമുള്ള ഈ വർഷത്തെ ഇവന്റ് കൂടുതൽ സവിശേഷമാണെന്ന് യുഡിസി സിഇഒ ഇബ്രാഹിം ജാസിം അൽ ഒത്മാൻ ഫഖ്‌റോ പറഞ്ഞു
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)