Posted By user Posted On

മീന്‍കറിക്ക് പുളിയില്ല; പന്തീരാങ്കാവ് കേസില്‍ പെൺകുട്ടിക്ക് വീണ്ടും മർദ്ദനം, ഭര്‍ത്താവ് അറസ്റ്റിൽ

ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വിവാഹിതരായി ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ മര്‍ദനത്തിനിരയായ യുവതി പോലീസില്‍ പരാതി കൊടുത്തിരുന്നു. പ്രശ്നങ്ങളെല്ലാം പരസ്പരം പറഞ്ഞുതീര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും വീണ്ടും ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഒന്നരമാസത്തിന് ശേഷം വീണ്ടും ഭര്‍ത്താവ് മര്‍ദിച്ചതായി യുവതി പരാതി കൊടുത്തു. സംഭവത്തില്‍ രാഹുല്‍ അറസ്റ്റിലായി. ഒരുമിച്ച് കുളിക്കാത്തതിന് രാഹുല്‍ പിണങ്ങിയെന്നും രാഹുലിന് ചോറുവാരികൊടുക്കാൻ നിർബന്ധിച്ചെന്നുമെല്ലാം യുവതി അന്ന് മാധ്യമങ്ങളോട് പറഞ്ഞതെങ്കില്‍ ഇപ്പോള്‍ മീന്‍കറിക്ക് പുളി പോരെന്ന് പറഞ്ഞ് മര്‍ദിച്ചെന്നാണ് പരാതി. അമ്മയെ ഫോണില്‍ വിളിച്ചതിന്റെ പേരിൽ ഭര്‍ത്താവ് ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനെതിരരെ വധശ്രമം, ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്.

സംഭവബഹുലമായ പന്തീരാങ്കാവ് പീഡനക്കേസ് ഇങ്ങനെ….

2024 മെയ് അഞ്ചാം തീയതിയാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലും (29) എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും വിവാഹിതരായത്. മെയ് 12നാണ് ഗാര്‍ഹിക പീഡനക്കേസിന്‍റെ തുടക്കം. പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍വെച്ച് യുവതിയെ ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു അന്ന് നല്‍കിയ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃത്തൃവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയപ്പോഴാണ് മര്‍ദനവിവരം പുറത്തറിഞ്ഞതെന്നും അന്ന് പരാതിയിലുണ്ടായിരുന്നു. രാഹുലിന്‍റെ കുടുംബം ഈ പരാതി പൂര്‍ണമായും നിഷേധിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ നാട്ടില്‍നിന്നും കടന്നുകളഞ്ഞു. സിങ്കപ്പൂരിലേക്കാണ് കടന്നുകളഞ്ഞത്. സ്ത്രീധനം ചോദിച്ചെന്ന ആരോപണം തെറ്റാണെന്ന് വിദേശത്തുനിന്ന് രാഹുലും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഭാര്യയുടെ ഫോണില്‍വന്ന ചില കോളുകളും സന്ദേശങ്ങളും കണ്ടതിലുണ്ടായ പ്രകോപനത്തിലാണ് അടിച്ചതെന്നായിരുന്നു ഇയാള്‍ പ്രതികരിച്ചത്. ഇതിനുശേഷം ഒരുമിച്ചിരുന്ന് സംസാരിച്ച് എല്ലാം ഒത്തുതീര്‍പ്പാക്കിയതാണ്. എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ അടുക്കള കാണല്‍ ചടങ്ങിന് എത്തിയതിന് പിന്നാലെയാണ് പ്രശ്‌നം വഷളായതെന്നും രാഹുല്‍ പറഞ്ഞിരുന്നു. വിവാഹചെലവിന്റെ 75 ശതമാനവും വഹിച്ചത് താനാണെന്നും ആദ്യം മറ്റൊരുവിവാഹം രജിസ്റ്റര്‍ ചെയ്തകാര്യം മറച്ചുവെച്ചിട്ടില്ലെന്നും അന്ന് രാഹുല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെ, ജൂണ്‍ പത്താം തീയതി പന്തീരാങ്കാവ് പീഡനക്കേസില്‍ വമ്പന്‍ ട്വിസ്റ്റ് ഉണ്ടായി. അന്നുവരെ രാഹുലിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത യുവതി മൊഴിമാറ്റി. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നായിരുന്നു യൂട്യൂബ് ചാനലിലൂടെ യുവതിയുടെ വെളിപ്പെടുത്തിയത്. ഇതിനിടെ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കാനായി പ്രതി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. രാഹുല്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിചേര്‍ത്ത് പോലീസ് ഇതിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നാലെ രാഹുല്‍ വിദേശത്തുനിന്ന് നാട്ടിലെത്തുകയും ചെയ്തു. പരാതിക്കാരി കേസില്‍നിന്ന് പിന്മാറിയതിന്റെ പശ്ചാത്തലത്തില്‍ കേസ് ഹൈക്കോടതി ഒക്ടോബര്‍ 25ന് റദ്ദാക്കുകയും ചെയ്തു. ഇതിനുശേഷം രാഹുലും ഭാര്യയും വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയിരുന്നു. എന്നാല്‍, ഒരുമാസത്തിന് ശേഷമാണ് യുവതി വീണ്ടും രാഹുലിനെതിരെ പരാതിയുമായെത്തിയിരിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *