Posted By user Posted On

വിമാനം കയറാൻ പെട്ടി പാക്ക് ചെയ്യുമ്പോൾ സൂക്ഷിക്കൂ, ഇല്ലെങ്കിൽ പണി കിട്ടും; ഈ വസ്തുക്കൾ ബാഗിലുണ്ടാകരുത്

അബുദാബി: നാട്ടിലേക്ക് വിമാനം കയറുന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ പ്രവാസിയുടെയും മുമ്പോട്ട് പോകാനുള്ള പ്രതീക്ഷ. നാട്ടിലെ പ്രിയപ്പെട്ടവരും ഭക്ഷണവും കാലാവസ്ഥയും, അങ്ങനെ പ്രവാസ ജീവിതത്തിന്‍റെ മരുപ്പച്ചയാകാറുണ്ട് ജന്മനാട്. എന്നാല്‍ നാട്ടില്‍ നിന്ന് തിരികെ മടങ്ങുന്നവര്‍ പെട്ടി പാക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവാദമില്ലാത്ത നിരോധിത വസ്തുക്കളെ കുറിച്ച് ഇന്ത്യൻ അധികൃതര്‍ പല തവണ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്..

ഇന്ത്യ-യുഎഇ യാത്രക്കാരുടെ ബാഗേജില്‍ കയറിക്കൂടാന്‍ പാടില്ലാത്ത ചില നിരോധിത വസ്തുക്കളുണ്ട്. അവയിൽ ചില പ്രധാനപ്പെട്ട വസ്തുക്കള്‍ അറിയാം, 

ഉണങ്ങിയ തേങ്ങ

കൊപ്ര എന്ന് പ്രാദേശികമായി വിളിക്കുന്ന ഉണങ്ങിയ തേങ്ങ നിരോധിത വസ്തുക്കളുടെ പട്ടികയില്‍പ്പെട്ടതാണ്. 2022 മാര്‍ച്ചില്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബാഗേജില്‍ ഇവ ഉണ്ടാകാന്‍ പാടില്ല.

ഇ സിഗരറ്റ്

ചെക്ക് ഇന്‍ ബാഗേജിലോ കാരി ബാഗിലോ ഇ സിഗരറ്റ് ഉണ്ടാവാന്‍ പാടില്ല.

സുഗന്ധവ്യഞ്ജനങ്ങൾ

സുഗന്ധവ്യജ്ഞനങ്ങള്‍, അത് മുഴുവനായോ പൊടിച്ചോ കാരി ബാഗേജുകളില്‍ കൊണ്ടുപോകാന്‍ പാടില്ല എന്നാണ് ബിസിഎഎസ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ ഇവ അനുവദനീയമാണ്.

നെയ്യ്

ലിക്വിഡ്, എയറോസോൾ, ജെൽസ് (LAGs) നിയന്ത്രണങ്ങൾ കാരണം കാരി ഓണ്‍ ലഗേജുകളില്‍ 100 മില്ലിയില്‍ കൂടുതല്‍ നെയ്യ് കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍ ബിസിഎഎസ് മാര്‍ഗനിര്‍ദ്ദേശം പ്രകാരം ചെക്ക് ഇന്‍ ബാഗേജുകളില്‍ 5 കിലോ വരെ നെയ്യ് കൊണ്ടുപോകാം. പക്ഷേ നിങ്ങള്‍ യാത്ര ചെയ്യുന്ന വിമാനത്താവളത്തിന്‍റെയും എയര്‍ലൈന്‍റെയും നിര്‍ദ്ദേശം കൂടി പരിഗണിക്കുക. ചില വിമാനത്താവളങ്ങള്‍ നെയ്യ് കൊണ്ടുപോകാന്‍ അനുവദിക്കാറില്ല. വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തുക.

അച്ചാറുകള്‍

ബിസിഎഎസ് ലിസ്റ്റ് പ്രകാരം ചില്ലി അച്ചാറുകള്‍ ഒഴികെയുള്ള അച്ചാറുകള്‍ കൊണ്ടുപോകാന്‍ തടസ്സമില്ലെങ്കിലും വിമാനത്താവളങ്ങളുടെ മാര്‍ഗനിര്‍ദ്ദേശം പരിശോധിച്ച് ഉറപ്പാക്കുക.

ഇത് കൂടാതെ യുഎഇ നിരോധിച്ചിട്ടുള്ള വസ്തുക്കളും അറിയണം. യുഎഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റി റഫറൻസിനായി നിരോധിത ഇനങ്ങളുടെ ഒരു ലിസ്റ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം യാത്രക്ക് ഒരുങ്ങാം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *