Posted By user Posted On

ഖത്തർ പൗരന്മാർക്ക് അമേരിക്കയിലേക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാം

ദോഹ∙ ഖത്തർ പൗരന്മാർക്ക് ഇനി മുതൽ അമേരിക്കയിലേക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാം. അമേരിക്കൻ ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം നടപ്പിലാക്കിയ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇ. എസ്. ടി. എ) സേവനമാണ് ഇതിന് വഴിയൊരുക്കിയത്. ഡിസംബർ ഒന്നുമുതൽ ഈ സേവനം പ്രാബല്യത്തിൽ വരും. യാത്ര ചെയ്യുന്നതിന്‍റെ 72 മണിക്കൂർ മുൻപ് ‌ അപേക്ഷ നൽകിയാൽ ഖത്തറി പൗരന്മാർക്ക് അമേരിക്കയിലേക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാം. മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റ് വഴിയോ ഇ എസ് ടി എസ് സിസ്റ്റം ഉപയോഗപ്പെടുത്താം.ഈ വർഷം സെപ്റ്റംബറിലാണ് അമേരിക്കയുടെ വീസ ഒഴിവാക്കൽ പ്രോഗ്രാമിലേക്ക് (വീസ ഓൺ അവൈവർ പ്രോഗ്രാം, വി. ഡബ്ല്യൂ. പി) ഖത്തറിനെ കൂടി ഉൾപ്പെടുത്തിയത്. അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലജാൻഡ്രോ എൻ. മയോർക്കാസ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി കൂടിയാലോചിച്ചാണ് വീസ ഒഴിവാക്കൽ പ്രോഗ്രാമിലേക്ക് (VWP) ഖത്തറിനെ ഉൾപ്പെടുത്തിയത്.ഖത്തറിലെ പൗരന്മാർക്ക് 90 ദിവസം വരെ വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ വേണ്ടി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് ഇത് ഉപയോഗിക്കാം. എന്നാൽ ഒരു യാത്രയിൽ പരമാവധി 90 ദിവസം മാത്രമേ അമേരിക്കയിൽ തങ്ങാൻ പറ്റുകയുള്ളു. അതേ സമയം സാധുവായ ബി-1/ബി-2 വീസയുള്ള ഖത്തരി പൗരന്മാർക്ക് അമേരിക്കയിലേക്ക് അവരുടെ യാത്രയ്ക്കായി അവരുടെ വീസ ഉപയോഗിക്കുന്നത് തുടരാം. ബി-1/ബി-2 വിസകൾ ഖത്തർ പൗരന്മാർക്ക് ഒരു ഓപ്ഷനായി തുടരും. യുഎസ് പൗരന്മാർക്ക് ഖത്തറിലേക്കുള്ള വീസ രഹിത യാത്ര ഈ വർഷം ഒക്ടോബർ 1 മുതൽ നിലവിൽ വന്നിരുന്നു. അമേരിക്കയിലേക്ക് വീസ രഹിത യാത്ര ലഭ്യമാകുന്ന 42-ാമത്തെ രാജ്യമാണ് ഖത്തർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *