Posted By user Posted On

ഗൗതം അദാനിക്കെതിരായ യുഎസിന്റെ അറസ്റ്റ് വാറന്റ് തിരിച്ചടി;തകർന്നടിഞ്ഞ് ഗ്രൂപ്പ് ഓഹരികൾ

സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ച് യുഎസിൽ‌ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് നേരിടുന്നത് കനത്ത വിൽപന സമ്മർദ്ദം. വ്യാപാരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഒട്ടുമിക്ക അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും തകർന്നടിഞ്ഞു. ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് 10% കൂപ്പുകുത്തി. അദാനി എനർജി സൊല്യൂഷൻസ് 20% ഇടിഞ്ഞു. അദാനി ഗ്രീൻ എനർജി 18.54%, അദാനി പവർ 15.86%, അദാനി ടോട്ടൽ ഗ്യാസ് 18.15%, അംബുജ സിമന്റ് 15%, അദാനി പോർട്സ് 10%, അദാനി വിൽമർ 8.30%, എസിസി 12.04% എന്നിങ്ങനെ തകർച്ചയിലാണ്. എൻഡിടിവിയും 10% നിലംപൊത്തി.

കള്ളംപറഞ്ഞ് യുഎസ് നിക്ഷേപകരിൽ നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളി‍ൽ നിന്നും അദാനി ഗ്രൂപ്പ് ശതകോടികളുടെ നിക്ഷേപം സമാഹരിച്ചു. കൈക്കൂലി കൊടുത്തത് വഴി കിട്ടുന്ന കരാറിലൂടെ ഏകദേശം 16,000 കോടി രൂപലാഭം ഉന്നമിട്ടെന്നും കുറ്റപത്രത്തിലുണ്ട്.

അദാനി ഗ്രീൻ എനർജിക്കും മറ്റൊരു സ്ഥാപനത്തിനും 12 ഗിഗാവാട്ടിന്റെ സൗരോ‍ർജ പദ്ധതിക്ക് കരാർ ലഭിക്കാൻ അദാനി ഗ്രൂപ്പ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തുവെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (SEC) നൽകിയ കുറ്റപത്രപ്രകാരമെടുത്ത കേസിൽ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച കുറ്റപത്രം ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഓഫീസാണ് സമർപ്പിച്ചതും തുടർന്ന് അദൗനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കമ്പനിയിലെ മറ്റ് 7 പേർക്കുമെതിരെ കേസ് എടുത്തും. അദാനിയുടെ അനന്തരവനും അദാനി ഗ്രീൻ എനർജി എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനിക്കുമെതിരെയാണ് അറസ്റ്റ് വാറന്റെന്നും റിപ്പോർട്ടുകൾ പറയുന്നു.

കള്ളംപറഞ്ഞ് യുഎസ് നിക്ഷേപകരിൽ നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളി‍ൽ നിന്നും അദാനി ഗ്രൂപ്പ് ശതകോടികളുടെ നിക്ഷേപം സമാഹരിച്ചുവെന്നും കൈക്കൂലി കൊടുത്തത് വഴി കിട്ടുന്ന കരാറിലൂടെ രണ്ടുദശാബ്ദത്തിനകം 200 കോടി ഡോളറിന്റെ (ഏകദേശം 16,000 കോടി രൂപ) ലാഭം അദാനി ഗ്രൂപ്പ് ഉന്നമിട്ടെന്നും കുറ്റപത്രത്തിലുണ്ട്. കൈക്കൂലിക്ക് ഇടനിലനിന്നവർ ഗൗതം അദാനിയെ ‘ദ് ബിഗ് മാൻ’, ‘ന്യൂമെറോ യൂനോ’ എന്നിങ്ങനെ കോഡ് നാമങ്ങളിലാണ് ഇടപാടുകളിൽ വിശേഷിപ്പിച്ചിരുന്നതെന്നും യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. കരാർ ലഭിക്കാൻ ഇന്ത്യാ സർക്കാരിലെ ഉന്നതരുമായി ഗൗതം അദാനി നേരിട്ട് ബന്ധപ്പെട്ടുവെന്നും കുറ്റപത്രത്തിലുണ്ട്. കൈക്കൂലിക്കാര്യം ബാങ്കുകളിൽ നിന്ന് മറച്ചുവച്ച് ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ മറ്റൊരു എക്സിക്യുട്ടീവ് ഡയറക്ടർ വിനീത് ജെയ്ൻ എന്നിവർ 300 കോടി ഡോളർ (25,000 കോടി രൂപ) വായ്പയായും കടപ്പത്രങ്ങളിലൂടെയും (ബോണ്ട്) സമാഹരിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം മാത്രം ഏകദേശം 80,000 കോടി രൂപയാണ് ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്. അംബുജ സിമന്റ്സിൽ 2.05%, അദാനി എനർജി സൊല്യൂഷൻസിൽ 1.89%, അദാനി പവറിൽ 1.76%, അദാനി ഗ്രീൻ എനർജിയിൽ 1.62%, അദാനി എന്റർപ്രൈസസിൽ 1.45%, അദാനി പോർട്സിൽ 1.46% എന്നിങ്ങനെ നിക്ഷേപ പങ്കാളിത്തമാണ് ജിക്യുജിക്കുള്ളത്.

അദാനിക്കെതിരെ യുഎസ് കേസെടുത്തതിന് പിന്നാലെ ഓസ്ട്രേലിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജിക്യുജിയുടെ ഓഹരിവില 9.85% ഇടിഞ്ഞിരുന്നു. തുടർന്ന് ഇറക്കിയ പ്രസ്താവനയിലാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപം കേസിന്റെ തുടർനടപടികൾക്ക് അനുസൃതമായി പുനഃപരിശോധിക്കുമെന്ന് ജിക്യുജി വ്യക്തമാക്കിയത്.

ട്രംപിന് ആശംസ നേർന്നതിന് പിന്നാലെ തിരിച്ചടി

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിന് ഗൗതം അദാനി ആശംസകൾ നേരുകയും യുഎസിൽ ഊർജ, അടിസ്ഥാനസൗകര്യ വികസന മേഖലകളിൽ അദാനി ഗ്രൂപ്പ് 10 ബില്യൺ ഡോളർ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപിക്കുമെന്നും ഇതുവഴി 15,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് അഴിമതിക്കേസ് ഉയർന്നതെന്നത് ശ്രദ്ധേയമാണ്. കൈക്കൂലിക്കേസിന് പിന്നാലെ യുഎസിൽ അദാനി ഗ്രൂപ്പിന്റെ ബോണ്ടുകളുടെ വില കുത്തനെ ഇടിഞ്ഞു. കൂടുതൽ കടപ്രത്രങ്ങളിറക്കി യുഎസിൽ നിന്ന് മൂലധന സമാഹരണം നടത്താനുള്ള നീക്കവും അദാനി ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *