സുരക്ഷയിലെ സാങ്കേതിക വിസ്മയങ്ങൾ; അറിയാം ഖത്തറിലെ മിലിപോള്‍ വിശേഷങ്ങള്‍
ദോഹ: പ്രദർശനങ്ങളും സമ്മേളനങ്ങളും ഏറെയുള്ള ദോഹയിൽ കാഴ്ചക്കാർക്ക് അതിശയം സമ്മാനിക്കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷ, പ്രതിരോധ പ്രദർശനമായ മിലിപോൾ. രണ്ടു വർഷത്തിൽ ഒരിക്കലെന്ന നിലയിൽ നടത്തുന്ന മിലിപോൾ ഖത്തറിന്റെ 15ാമത് പതിപ്പിന് കഴിഞ്ഞദിവസം ഡി.ഇ.സി.സിയിൽ കൊടിയിറങ്ങിയപ്പോൾ മാറുന്ന ലോകത്തെ സാങ്കേതിക വിദ്യകൾക്കനുസരിച്ച് സുരക്ഷ പ്രതിരോധ ലോകത്തിന്റെ മാറ്റമായിരുന്നു ശ്രദ്ധേയം.
സുരക്ഷ ഉദ്യോഗസ്ഥർക്കെന്നപോലെ പൊതുജനങ്ങൾക്കും സുരക്ഷ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ അറിയാനും പരിചയപ്പെടാനും മിലിപോൾ അവസരം നൽകി. ജനറൽ ട്രാഫിക് വിഭാഗം പ്രദർശിപ്പിച്ച മൊബൈൽ റഡാർ ഉപകരണം ശ്രദ്ധേയമായിരുന്നു. റോഡ് ഒന്നിലേറെ ഗതാഗത നിയമ ലംഘനങ്ങൾ ഒരേസമയം തിരിച്ചറിയാനും, നിരീക്ഷിക്കാനും കഴിയുന്ന റഡാർ ഹൈ റെസലൂഷനുള്ള ചിത്രങ്ങൾ സഹിതം നിയമലംഘകരെ കുരുക്കിലാക്കാൻ മിടുക്കനാണ്.
മൊബൈൽ ഫോൺ, ടാബ്ലെറ്റ് വഴി റാഡാറിന്റെ വിദൂര നിയന്ത്രണവും സാധ്യമാകുന്നതിനാൽ ഭാവിയിൽ റോഡിലെ നിയമലംഘനങ്ങൾ കൈയോടെ പിടികൂടാൻ ആളായി.
ഇതേ പവലിയനിൽ തന്നെയുള്ള മറ്റൊന്നായിരുന്നു ട്രാഫിക് മാനേജ്മെന്റിനാവശ്യമായ ഡ്രോണുകൾ. റോഡിലെ വാഹന ഒഴുക്ക്, റോഡ് അപകടങ്ങളും തടസ്സങ്ങളും ഉൾപ്പെടെ ട്രാക്ക് ചെയ്യൽ, നിയമലംഘനങ്ങൾ കണ്ടെത്തൽ, ഡേറ്റ വിശകലനം, പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെ സംഭവിക്കുമ്പോൾ ആവശ്യമായ മാർഗനിർദേശം, പൊതുപരിപാടികളുടെ സംഘാടനത്തിലെ സഹായം തുടങ്ങിയ വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോണുകൾ.
Comments (0)