ഖത്തർ ചേംബർ ഫീസ് ഇളവ് ഇന്നുമുതൽ പ്രാബല്യത്തിൽ
ദോഹ: ഖത്തർ ചേംബറിന്റെ ചില സേവനങ്ങളിൽ നടപ്പാക്കുന്ന ഫീസ് ഇളവ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽ ഥാനി അറിയിച്ചു. 2024ലെ മന്ത്രിസഭ 19ാം തീരുമാന പ്രകാരമാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി അംഗീകാരം നൽകുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.സേവനങ്ങളിലെ ഫീസ് ഇളവ് ഖത്തരി കമ്പനികളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാനും പുതിയ ബിസിനസുകൾ സ്ഥാപിക്കാനും വിവിധ മേഖലകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ശൈഖ് ഖലീഫ ബിൻ ജാസിം ആൽ ഥാനി പ്രത്യാശ പ്രകടിപ്പിച്ചു.മന്ത്രിസഭ തീരുമാന പ്രകാരം കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഷെയർഹോൾഡിങ് കമ്പനികൾ, ഹോൾഡിങ് കമ്പനികൾ, വിദേശ കമ്പനികൾ എന്നിവർക്കുള്ള ചേംബറിന്റെ വാർഷിക അംഗത്വ ഫീസ് 50 ശതമാനം കുറച്ച് 5000 റിയാലായി കുറയും.ക്ലിപ്ത ബാധ്യതാ കമ്പനികൾ, പൊതു പങ്കാളിത്ത കമ്പനികൾ, പങ്കാളിത്ത കമ്പനികൾ, ജോയന്റ് വെൻച്വർ കമ്പനികൾ, ഷെയറുകളാൽ പരിമിതപ്പെടുത്തിയിരിക്കുന്ന പാർട്ട്ണർഷിപ്പുകൾ എന്നിവക്ക് കമ്പനിയുടെ മൂലധനമോ പ്രവർത്തനത്തിന്റെ തരമോ പരിഗണിക്കാതെ വാർഷിക അംഗത്വ ഫീസ് 500 റിയാലായി നിശ്ചയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)