Posted By user Posted On

‘സ്മാർട്ട്ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ പത്തിരട്ടി ബാക്ടീരിയ സാന്നിധ്യം’; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് റിപ്പോർട്ട്

മിക്കവരുടെയും ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഗാഡ്ജറ്റായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോണുകൾ. വിവര വിനിമയത്തിനായി ഏറ്റവും എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഗാഡ്ജറ്റ് തന്നെയാണ് സ്മാർട്ട്ഫോണുകൾ എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് കൃത്യമായ രീതിയിൽ അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമാകും എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പലപ്പോഴും ടോയിലറ്റ് സീറ്റുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ രോഗാണുക്കൾ ഫോണുകളിൽ കാണപ്പെടുന്നുണ്ടെന്നും ഫോൺ വൃത്തിയാക്കി ഉപയോഗിക്കുന്നത് ഉറപ്പാക്കിയാൽ മാത്രമേ ഇതിൽനിന്ന് രക്ഷയുള്ളൂവെന്നും യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാട്രെസ്നെക്സ്റ്റ്ഡേ എന്ന കമ്പനി നടത്തിയ സർവേയിൽ പറയുന്നു.

പാറ്റകളും മറ്റ് ചെറുപ്രാണികളുമാണ് സ്മാർട്ട്ഫോണുകളിൽ ബാക്ടീയ സാന്നിധ്യം വർധിപ്പിക്കുന്നതിൽ മുൻപന്തിയിലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നേരത്തെ പുറത്തുവന്ന മറ്റുചില റിപ്പോർട്ടുകൾ പ്രകാരം സ്മാർട്ട്ഫോണുകൾ ടോയിലറ്റിനുള്ളിൽ ഉപയോഗിക്കുന്നതും ഡിവൈസിൽ ബാക്ടീരിയ സാന്നിധ്യത്തിന് കാരണമായി പറയുന്നുണ്ട്. ടോയിലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ 23 ശതമാനം പേർ മാത്രമാണ് ഫോൺ അണുവിമുക്തമാക്കാനുള്ള ശ്രമം നടത്താറുള്ളൂ. അല്ലാത്ത ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ പത്തിരട്ടിയോളം ബാക്ടീരിയ സാന്നിധ്യം ഉണ്ടാകാം. ഇത് ശരീരത്തിനകത്ത് പ്രവേശിക്കാനുള്ള സാധ്യത വളരെ വലുതാണ്.

ഇത്തരത്തിൽ ബാക്ടീരിയ ശരീരത്തിനകത്ത് പ്രവേശിക്കുന്നതിലൂടെ ദഹനപ്രക്രിയയേയും മൂത്രനാളിയേയും വരെ ബാധിക്കാം. സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും ഒരിക്കലും സ്മാർട്ട്ഫോൺ വൃത്തിയാക്കാത്തവരാണ്. പത്ത് ശതമാനം പേർവർഷത്തിൽ ഒരു തവണ മാത്രവും. വിവിധ തരത്തിലുള്ള ത്വഗ്രോഗങ്ങൾക്കും ബാക്ടീരിയകൾ കാരണമാകാറുണ്ട്.

സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ഫോൺ തലയണക്ക് കീഴിൽവെച്ച് ഉറങ്ങുന്നവരാണ്. അമിതമായ ഉപയോഗത്തിലൂടെ കണ്ണിൽ കയറുന്ന പ്രകാശം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മെലാടോണിന്‍റെ ഉൽപാദനം കുറയുന്നതിലൂടെ ഉറക്കം കുറയുകയും ലഭിക്കുന്ന ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുകയും ചെയ്യും. ഇത് അനാരോഗ്യത്തിലേക്ക് നയിക്കുകയും ബയോളജിക്കൽ ക്ലോക്കിനെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരേ ഇരിപ്പിൽ ഫോൺ നോക്കുന്നതിലൂടെ കഴുത്തു വേദനക്കും നടുവേദനക്കും ഉൾപ്പെടെ കാരണമാകാറുണ്ടെന്നും ഇത്തരം കേസുകൾ ഓരോ വർഷവും വർധിക്കുകയാണെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *