Posted By user Posted On

ഗൾഫിലെ എണ്ണപ്പാടങ്ങൾക്കും തീപടരും? അമേരിക്കക്ക് മുന്നിൽ സമ്മർദ്ദവുമായി യുഎഇയും സൗദിയും ഖത്തറും

പശ്ചിമേഷ്യയില്‍ വിവിധ പോരാട്ടമുഖങ്ങള്‍ തുറന്ന ഇസ്രായേല്‍ ബെയ്റൂത്തിലും ഗാസയിലുമൊക്കെ ആക്രമണം കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 22 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ള പ്രവർത്തരേയും നേതാക്കളേയും ലക്ഷ്യമിട്ടാണ് ആക്രണമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നിരവധി സാധാരണക്കാർക്കാണ് ജീവന്‍ നഷ്ടമായത്.

ഇസ്രായേല്‍ ആക്രമണത്തില്‍ യു എന്‍ സമാധാന സംഘത്തിനും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സമാധാന സംഘത്തിലെ രണ്ട് പേർക്കാണ് പരിക്കേറ്റത്. നകൗരയിലെ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തിന് നേരായാണ് ആക്രമണം ഉണ്ടായതെന്ന് യു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മേഖലയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് ഇസ്രായേല്‍ നീക്കം. ഇറാന്‍ ടെല്‍ അവീവിലേക്ക് അടക്കം നടത്തിയ ആക്രമണത്തില്‍ ഇസ്രായാല്‍ ഉടന്‍ തിരിച്ചടി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി ചേർന്ന സുരക്ഷ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായെന്നുമാണ് അന്താരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെതിരെ ഏത് തരത്തിലുള്ള ആക്രമണമായിരിക്കും ഇസ്രായേല്‍ നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇറാനെതിരായ നീക്കത്തില്‍ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും അതിന് നിയന്ത്രണങ്ങളുണ്ട്. പരിമിതമായ രീതിയില്‍ ഇസ്രായേലിന് തിരിച്ചടിക്കാമെങ്കിലും ഇറാനിലെ ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്നാണ് അമേരിക്കയുടെ നിലപാട്. അതോടൊപ്പം തന്നെ ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കരുതെന്നും യു എ ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും വ്യക്തമാക്കുന്നു.

ഇറാൻ്റെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയാണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയുടെ മേല്‍ സമ്മർദ്ദം ശക്തമാക്കുന്നുമുണ്ട്. സംഘർഷം രൂക്ഷമായാല്‍ ഇറാനിയന്‍ എണ്ണപ്പാടങ്ങളില്‍ പടരുന്ന തീ തങ്ങളുടെ എണ്ണപ്പാടങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക.

ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുകയാണെങ്കില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാന്‍ അനുമതി നല്‍കില്ലെന്ന് സൗദി അറേബ്യ, യു എ ഇ, ഖത്തർ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യവും ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *