ലബനാന് മരുന്നും ഭക്ഷണവുമായി ഖത്തർ
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ലബനാനിലേക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ. ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലബനാനിലെ ബൈറൂത്തിൽ ഖത്തറിന്റെ ജീവകാരുണ്യ, മാനുഷിക സഹായമെത്തിച്ചത്.
മരുന്ന്, താമസ സജ്ജീകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയും വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച ബൈറൂത്തിലെത്തി. വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാശിദിന്റെ നേതൃത്വത്തിലാണ് ആദ്യ സഹായമെത്തിയത്.
ദുരിതഘട്ടത്തിൽ ലബാനിലെ ജനങ്ങൾക്കും സർക്കാറിനും സ്ഥാപനങ്ങൾക്കും ഖത്തർ ഉറച്ച പിന്തുണ നൽകുമെന്ന് ബൈറൂത് വിമാനത്താവളത്തിൽ വെച്ച് മന്ത്രി പറഞ്ഞു. ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളിൽ ദുരിതത്തിലായ ലബനാന് അടിയന്തര സഹായമെത്തിക്കാൻ ഏതാനും ദിവസം മുമ്പാണ് അമീർ നിർദേശം നൽകിയത്. രണ്ടാഴ്ചയിലേറെയായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 2000ത്തിലേറെ പേരാണ് ലബനാനിൽ കൊല്ലപ്പെട്ടത്.
Comments (0)