ടൂര് പോയാലോ? സഞ്ചാരികളെ ഖത്തറിലെ കാഴ്ചകളിലേക്ക് നയിച്ച് ഖത്തർ റെയിൽ കമ്പനി
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളെ ഖത്തറിലെ കാഴ്ചകളിലേക്ക് നയിച്ച് ഖത്തർ റെയിൽ കമ്പനി. അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിന്റെ മുന്നോടിയായി ഖത്തറിലെ ടൂറിസം പ്രമോട്ടർമാരുമായി ചേർന്നാണ് ദോഹ മെട്രോയും ലുസൈൽ ട്രാമുകളും ഉപയോഗിച്ച് വിനോദസഞ്ചാര യാത്രയൊരുക്കുന്നത്.
ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയായ ‘സ്റ്റോപ്പ് ഓവർ ടൂറിസവുമായി സഹകരിച്ചാണ് രാജ്യത്തുടനീളം കറങ്ങാനുള്ള വേറിട്ട പാക്കേജുകൾ ഖത്തർ റെയിൽ അവതരിപ്പിക്കുന്നത്. സന്ദർശകർക്ക് പ്രഫഷനൽ ഗൈഡിന്റെ അകമ്പടിയോടെ തന്നെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം നൽകുന്നു. മൂന്ന് പാക്കേജുകളാണ് സ്റ്റോപ് ഓവർ വഴി വാഗ്ദാനംചെയ്യുന്നത്. ഡിസ്കവർ ദി സിറ്റി ഓഫ് ദോഹയാണ് ഒന്നാമത്. ഇതുവഴി മെട്രോയിൽ വെസ്റ്റ്ബേ, കതാറ കൾചറൽ വില്ലേജ്, ദേശീയ മ്യൂസിയം, മുശൈരിബ് ഡൗൺ ടൗൺ, സൂഖ് വാഖിഫ് തുടങ്ങിയ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാം.
സ്പോർട്സ് സിറ്റി; ദോഹയുടെ അത്ലറ്റിക് വണ്ടർ ആണ് രണ്ടാം ടൂർ. സൂഖ് വാഖിഫിൽ തുടങ്ങി ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, ആസ്പയർ ഡോം, ആസ്പയർ പാർക്ക്, വില്ലാജിയോ മാൾ എന്നിവിടങ്ങളിൽ കറക്കം. മൂന്നാമത്തേത് എജുക്കേഷൻ സിറ്റിയും മാൾ ഓഫ് ഖത്തറും ഉൾപ്പെടുന്നത്. സൂഖ് വാഖിഫിൽ തുടങ്ങി ഖത്തർ നാഷനൽ ലൈബ്രറി, എജുക്കേഷൻ സിറ്റി പള്ളി, ബൊട്ടാണിക്കൽ ഗാർഡൻ വഴി മാൾ ഓഫ് ഖത്തറിൽ സമാപനം. വിദ്യാഭ്യാസം, സംസ്കാരം, വിനോദം ഉൾപ്പെടുന്നതാണ് ടൂർ. പരിസ്ഥിതി സൗഹൃദമായ പൊതുഗതാഗത സംവിധാനങ്ങളിലൂടെ നഗര, ചരിത്ര സ്ഥലങ്ങളിലൂടെയുള്ള പര്യടനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ലോക ടൂറിസം ദിനത്തിന് മുന്നോടിയായി വേറിട്ട യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ചു. ഖത്തറിന്റെ ലോകോത്തര നിലവാരമുള്ള പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി ടൂർ ഡിസൈനിങ് ഗൈഡ് പിയ സൺസ്റ്റഡ് പറഞ്ഞു. നാല് മണിക്കൂറാണ് ഓരോ യാത്രയുടെയും ദൈർഘ്യം. സ്റ്റോപ്പ് ഓവർ ഖത്തർ വെബ്സൈറ്റിൽ നിരക്കുകൾ ലഭ്യമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)